നവകേരള സദസ് ഇന്ന് മുതൽ മൂന്ന് ദിവസം കൊല്ലം ജില്ലയിൽ. പത്തനാപുരം മണ്ഡലത്തിലാണ് ആദ്യ സദസ്. പ്രഭാത യോഗം കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ ചേരും. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനമുണ്ടാകും.
പത്തനാപുരം എൻ എസ് എസ് ഗ്രൗണ്ടിൽ ജില്ലയിലെ ആദ്യ സദസ്സ് ചേരും. 11 മണിക്കാണ് ആദ്യ യോഗം ആരംഭിക്കുക.
മൂന്നു മണിയ്ക്ക് പുനലൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലും കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ 4. 30 നും സദസ് തുടങ്ങും. വൈകിട്ട് ആറിന് ചക്കുവള്ളി ദേവസ്വം ബോർഡ് സ്കൂളിന് സമീപമുള്ള പഴയ കശുവണ്ടി ഫാക്ടറി പരിസരത്താണ് ആദ്യദിനത്തിലെ അവസാന സദസ്. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നേർക്കുനേർ പോർമുഖം തുറന്നതോടെ ഇന്നത്തെ രാഷ്ട്രീയ പ്രതികരണങ്ങളും പ്രധാനമാണ്. നവകേരള സദസിനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.