കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധത്തിൽ സംഘർഷം. ബൊട്ടാണിക്കൽ ഗാർഡൻ വഴി ഗസ്റ്റ് ഹൗസിലേയ്ക്ക് ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ പൊലീസ് ലാത്തിച്ചാർജ്ജ് ചെയ്തു. നിരവധി പ്രവർത്തർക്ക് പൊലീസ് ലാത്തിചാർജ്ജിൽ പരിക്കേറ്റു.
നേരത്തെ എസ്എഫ്ഐ പ്രവർത്തകർ ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപത്തേക്ക് മാർച്ച് നടത്തിയാണ് പ്രതിഷേധം ആരംഭിച്ചത്. കറുത്ത ബലൂണുകളുമായി കറുത്ത വസ്ത്രമണിഞ്ഞ് കരിങ്കൊടിയുമായാണ് എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. നൂറ് കണക്കിന് വിദ്യാർത്ഥികളാണ് മാർച്ചിൽ അണിനിരന്നത്. പൊലീസ് ബാരിക്കേഡ് ഉയർത്തിയിടത്ത് കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. ഗവർണർക്കെതിരെ മുദ്രാവാക്യം മുഴക്കുന്ന എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ഗവർണർക്കെതിരെ ബാനർ ഉയർത്തിയിട്ടുണ്ട്..