പാള്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 78 റണ്‍സിനായിരുന്നി വിജയം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്ക 218 റണ്‍സോടെ പുറത്തായി. 2-1നാണ് ഇന്ത്യ ഏകദിന പരമ്പര നേടിയത്.
കന്നി സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ് ആയിരുന്നു ഹീറോ. 114 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും സഹിതം സഞ്ജു 108 റണ്‍സെടുത്തു. മൂന്നാം നമ്പറിലാണ് സഞ്ജു ക്രീസിലെത്തിയത്. 101ന് മൂന്ന് എന്ന് ഇന്ത്യ തകര്‍ന്നപ്പോള്‍ സഞ്ജുവും തിലക് വര്‍മ്മയും ഒന്നിച്ചു.
എന്നാല്‍ നാലാം വിക്കറ്റില്‍ തിലക് വര്‍മ്മയ്ക്കൊപ്പം വിലപ്പെട്ട 116 റണ്‍സ് ചേര്‍ക്കാന്‍ സഞ്ജുവിന് സാധിച്ചു. 77 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം തിലക് 52 റണ്‍സെടുത്തു. റിങ്കു സിംഗ് നേടിയ 38 റണ്‍സ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. അരങ്ങേറ്റ ഏകദിനം കളിക്കുന്ന രജത് പട്ടിദാര്‍ 16 പന്തില്‍ 22 റണ്‍സെടുത്തു. 81 റണ്‍സ് നേടിയ ടോണി ഡി സോര്‍സിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ആദ്യ രണ്ട് മത്സരങ്ങള്‍ ഇരുവരും പങ്കിട്ടിരുന്നു.