നവകേരള സദസിന് ഇന്ന് സമാപനം. വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപന പരിപാടികൾ നടക്കുക. പ്രതിഷേധവും സംഘർഷ സാധ്യതയും കണക്കിലെടുത്ത് വൻ സുരക്ഷയാണ് തലസ്ഥാന ജില്ലയിൽ പൊലീസ് ഒരുക്കിയിട്ടുള്ളത്. തലസ്ഥാന ജില്ലയിലെ 5 മണ്ഡലങ്ങളിലാണ് ഇന്ന് മന്ത്രിസഭയുടെ പര്യടനം.
അതേസമയം, നവ കേരള സദസിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കമെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും. നവ കേരള സദസ്സിനെതിരെ യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചും ഇന്ന് നടക്കും.
മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് എന്ന പ്രഖ്യാപനത്തോടെയാണ് സർക്കാർ നവകേരള സദസ്സ് സംഘടിപ്പിച്ചത്. പരാതി പരിഹാര സംവിധാനം ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. 140 മണ്ഡലങ്ങളിലേയും പര്യടനം രാഷ്ട്രീയ ലക്ഷ്യത്തോടെ എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാർക്ക് സഞ്ചരിക്കാൻ ആഡംബര ബസ് എന്ന റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ നവകേരള സദസിനെതിരെയുള്ള വിവാദങ്ങൾക്ക് ചൂടേറി.
ജനങ്ങളുടെ പരാതികൾക്ക് സർക്കാർ നേരിട്ടു കേൾക്കുന്നും പരിഹാരം കാണുന്നില്ലെന്നും എന്നും ആക്ഷേപമുണ്ട്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷവും പ്രതിരോധവുമായി ഭരണപക്ഷ യുവജന സംഘടനകളും എത്തിയതോടെ നവകേരള സദസ് പൂർണമായും വിവാദങ്ങളിലേക്ക് മാറി. പ്രതിഷേധക്കാർക്കെതിരായ ആക്രമണത്തെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തിരുന്നു.