Newsperseconds.com

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളോടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും സജീവമാക്കും; 30 ന് അയോധ്യയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ

Capture

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി, 50 ശതമാനം വോട്ട് വിഹിതം നേടുന്നതിനും വിജയത്തിന്റെ പരമാവധി മാര്‍ജിന്‍ നേടുന്നതിനും ജനുവരി 22 ന് നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളോടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും സജീവമാക്കുകയാണ്. 30 ന് അയോധ്യയില്‍ പ്രധാനമന്ത്രി റോഡ് ഷോ നടത്തും. പാര്‍ട്ടി ഭാരവാഹികളെ ഉള്‍പ്പെടുത്തി അടുത്തിടെ സമാപിച്ച ദ്വിദിന പരിപാടിയില്‍ നടന്ന മാരത്തണ്‍ യോഗങ്ങളില്‍ നിന്നാണ് പ്രധാന നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നത്.

ചടങ്ങിന് ഒരാഴ്ച മുമ്പ് മുതല്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രചാരണം ശക്തമാക്കാനാണ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. ബൂത്ത് ഭാരവാഹികള്‍ വീടുകള്‍ കയറണം എന്നാണ് നിര്‍ദ്ദേശം. പ്രദേശത്തെ മുതിര്‍ന്ന നേതാവിനാണ് ഇതിന്റെ ഏകോപന ചുമതല. യോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ പങ്കെടുത്തു, യോഗങ്ങളില്‍ ശക്തമായ സന്ദേശങ്ങള്‍ നല്‍കി.

മുപ്പതിന് അയോധ്യയില്‍ അന്താരാഷ്ട്ര വിമാനത്താവളം മോദി ഉദ്ഘാടനം ചെയ്യും. പ്രതിഷ്ഠാദിന ചടങ്ങിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ മര്യാദ പുരുഷോത്തം ശ്രീറാം ഇന്റര്‍നാഷണല്‍ എയര്‍പോട്ടിലായിരിക്കും ഇറങ്ങുക. അന്ന് തന്നെ നവീകരിച്ച റെയില്‍വേ സ്റ്റേഷന്‍ കൂടി ഉദ്ഘാടനം ചെയ്ത് അയോധ്യയില്‍ മോദി റോഡ് ഷോയും നടത്തും. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ മതപരവും സാംസ്‌കാരികവുമായ പ്രാധാന്യം തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തി വോട്ട് നേടുന്നതിനായി ബിജെപി വിശദമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

Share this Article

Leave a Comment