Newsperseconds.com

നന്മയുടേയും സമാധാനത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് ലോകമെങ്ങും ഇന്ന് ക്രിസ്തുമസ്

Capture

തിരുവനന്തപുരം: ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കി ലോകമെങ്ങും ഇന്ന് ക്രിസ്തുമസ്. ക്രിസ്തുമസ് അഥവാ നത്താള്‍ ക്രിസ്തീയ കലണ്ടര്‍ പ്രകാരമുള്ള പുണ്യദിനമാണ്. യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തില്‍ അനുസ്മരിക്കപ്പെടുന്നത്. സ്‌നേഹത്തിന്റെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് രാജ്യമെങ്ങും ഇന്ന് ക്രിസ്തുമസ് കൊണ്ടാടുകയാണ്. മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവര്‍ക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്.

ക്രിസ്തുമസ്സിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങള്‍ക്കും കാലഘട്ടങ്ങള്‍ക്കുമനുസരിച്ച് വ്യത്യസ്തമാണ്. തികച്ചും മതപരമായ ആഘോഷങ്ങളേക്കാള്‍ മതേതരമായ രീതികള്‍ക്കാണ് ഇന്ന് മിക്ക രാജ്യങ്ങളിലും പ്രാമുഖ്യം കാണുന്നത്. ഏതായാലും ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജര്‍മ്മനിയില്‍ നിന്ന് വന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ക്രിസ്തുമസ് മരം, പരസ്പരം സമ്മാനങ്ങള്‍ കൈമാറല്‍ എന്നിവ ഉദാഹരണം. ഈ ആചാരങ്ങളെല്ലാം നമ്മുടെ ഇന്ത്യയിലും നമ്മള്‍ ആചരിക്കുന്നുണ്ട്.

അതേ സമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയര്‍ സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദര്‍ഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തില്‍ അടങ്ങിയിട്ടുള്ളത്. മുഴുവന്‍ കേരളീയര്‍ക്കും ക്രിസ്മസിന്റെ നന്മ നേരുന്നു- എന്ന് മുഖ്യമന്ത്രി ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം പാതിരാ കുര്‍ബാന അര്‍പ്പിച്ചു. ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാനത്ത് പലയിടത്തും ബിജെപി നേതാക്കള്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തി. ബിജെപി നേതാവ് വി വി രാജേഷ് തിരുവനന്തപുരം പാളയം പള്ളയിലെത്തി ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തു. അതേസമയം കോണ്‍ഗ്രസ് നേതാവ് ശശി തരൂരും പാളയം പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കാളിയായി.

Share this Article

Leave a Comment