കുട്ടനാട്: ജാതിമത-ഭേദമന്യേ ഒന്നിച്ച് ക്രിസ്തുമസ് ആഘോഷിച്ച് തിരുപനയന്നൂര്‍ കാവ് ദേവി ക്ഷേത്രത്തിലെ ഭാരവാഹികള്‍. ക്ഷേത്രാങ്കണത്തിലേക്ക് കരോളുമായെത്തിയ സംഘത്തെ പായസവും സ്നേഹവും നല്കി സ്വീകരിച്ച് മാതൃകയാവുകയാണ് കുട്ടനാട്ടിലെ തിരുപനയന്നൂര്‍ കാവ് ദേവി ക്ഷേത്രത്തിലെ ഭാരവാഹികള്‍. ക്രിസ്തുമസ് കരോളിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
കരോളുമായെത്തിയ സംഘം ആടിയും പാടിയും സ്നേഹം പകര്‍ന്നും ക്ഷേത്രാങ്കണത്തില്‍ നിറവേകി. തുടര്‍ന്ന് ക്ഷേത്രതന്ത്രി കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിച്ചു. തുടര്‍ന്ന് ഗിരിജ അന്തര്‍ജനം, ഭരദ്വാജ് ആനന്ദ്, അശ്വതി അജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് പായസം വിളമ്പി. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമനയ്ക്ക് ക്രിസ്മസ് സമ്മാനമായി ഡോ.ജോണ്സണ് വി. ഇടിക്കുള വിശുദ്ധ വേദപുസ്തകം സമ്മാനിച്ചതോടെ ക്രിസ്തുമസ് ആഘോഷം പൂര്‍ണമായി. ക്ഷേത്രാങ്കണത്തില്‍ ആദ്യമായിട്ടാണ് ഇപ്രകാരം ഒരു സംഗമം നടന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
ക്ഷേത്ര മുഖ്യ തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന, ക്ഷേത്ര സമിതി സെക്രട്ടറി അജികുമാര്‍ കലവറശ്ശേരില്‍ എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. ക്രിസ്തുമസ് പാപ്പായോടൊപ്പം ഡോ. ജോണ്സണ് വി. ഇടിക്കുള, പി ഡി സുരേഷ്, രജീഷ് കുമാര്‍, സാം മാത്യൂ, ഹരികുമാര്‍ ടി എന്‍, പി ആര് സന്തോഷ് കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.