തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ വിരല്‍ത്തുമ്പിലെത്തിക്കാൻ കെ സ്മാര്‍ട്ട് പ്രഖ്യാപിച്ച് സര്‍ക്കാര്‍. ‘കേരള സൊല്യൂഷന് ഫോര്‍ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റിഫോര്മേഷന് ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍ (കെ-സ്മാര്‍ട്ട്) പദ്ധതിയുടെ ഉദ്ഘാടനം ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. സർക്കാർ സേവനങ്ങളൾ ജനങ്ങളിലേക്ക് അതിവേഗം എത്തിക്കുന്ന ഓണ്‍ലൈന്‍ പദ്ധതിയാണ് കെ-സ്മാര്‍ട്ട്.
തദ്ദേശ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന എല്ലാ സേവനങ്ങളും ഇനി മുതല്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ നേട്ടമെന്ന് മന്ത്രി രാജേഷ് പറഞ്ഞു. മലയാളികള്‍ക്ക് പുതുവത്സര സമ്മാനം എന്ന നിലയിലാകും കെ സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനും വെബ്സൈറ്റും മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുക.
തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും കെ സ്മാർട്ടിലൂടെ കഴിയും. ചട്ടപ്രകാരം അപേക്ഷ ഓൺലൈനായി സമർപ്പിച്ചാൽ നിമിഷങ്ങള്‍ക്കുള്ളില്‍ സേവനങ്ങൾ ഓൺലൈനായി ലഭ്യമാവും. കൂടാതെ ജനന-മരണ രജിസ്ട്രേഷന്, രജിസ്ട്രേഷന് തിരുത്തല്‍ എന്നിവയും ഓൺലൈനായി ചെയ്യാം.
സര്‍ട്ടിഫിക്കറ്റുകള്‍ ഇ-മെയിലായും വാട്സ്ആപ്പിലൂടെയും ലഭ്യമാവും. രാജ്യത്ത് ആദ്യമായി എവിടെനിന്നും ഓണ്‍ലൈനായി വിവാഹ രജിസ്ട്രേഷന് സാധ്യമാവുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. ഇതിനു പുറമേ, പരാതികൾ ഓൺലൈനായി സമർപ്പിച്ച് പരിഹരിച്ച് യഥാസമയം പരാതിക്കാരനെ അറിയിക്കുന്നതിനും സംവിധാനമുണ്ട്.