Newsperseconds.com

72 പേരുടെ മരണത്തിനിടയാക്കിയ യെതി എയർലൈൻസിന്റെ വിമാനം തകർന്നത് മാനുഷിക പിഴവ് മൂലമെന്ന് റിപ്പോർട്ട്

Untitled Design (33)

നേപ്പാളിലെ പൊഖാറയിൽ യെതി എയർലൈൻസിന്റെ വിമാനം തകർന്നത് മാനുഷിക പിഴവ് മൂലമെന്ന് റിപ്പോർട്ട്. അഞ്ചംഗ അന്വേഷണ കമ്മിഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 72 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെട്ടിരുന്നു. മുൻ സെക്രട്ടറി നാഗേന്ദ്ര പ്രസാദ് ഗിമിറെയുടെ ഏകോപനത്തിൽ രൂപീകരിച്ച കമ്മിഷൻ സാംസ്കാരിക, ടൂറിസം, വ്യോമയാന മന്ത്രി സുഡാൻ കിരാതിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

വിമാനാപകടം നടന്ന ദിവസം തന്നെ സർക്കാർ അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. എട്ട് മാസവും മൂന്ന് ദിവസവും എടുത്താണ് അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. നേപ്പാളി സേനയില്‍നിന്ന് വിരമിച്ച ക്യാപ്റ്റന്‍ പ്രകാശ് ബസ്തോല, ക്യാപ്റ്റൻ (റിട്ട,) സുനിൽ ഥാപ്പ, എയ്‌റോനോട്ടിക്കൽ എന്‍ജിനീയർ എക്‌രാജ് ജംഗ് ഥാപ്പ, സാംസ്‌കാരിക, ടൂറിസം, സിവിൽ ഏവിയേഷൻ മന്ത്രാലയം ജോയന്റ് സെക്രട്ടറി ബുദ്ധി സാഗർ ലാമിച്ചനെ എന്നിവരായിരുന്നു അന്വേഷണ കമ്മിഷനിലെ അംഗങ്ങൾ.

ജനുവരി 15-നാണ് ജീവനക്കാരടക്കം 72 പേരുടെ മരണത്തിനിടയായ വിമാനാപകടം ഉണ്ടായത്. ലാൻഡിങ്ങിന് തൊട്ടുമുമ്പ് യെതി എയർലൈൻസിന്റെ 9N-ANC ATR-72 വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകരുകയായിരുന്നു.

Share this Article

Leave a Comment