മുതലപ്പൊഴിയില്‍ അപകടങ്ങള്‍ക്ക് കാരണം അശാസ്ത്രീയ നിര്‍മാണമെന്ന് കേന്ദ്ര ഏജന്‍സി. പുലിമുട്ട് നിര്‍മ്മാണങ്ങളിലെ പോരായ്മകളാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമെന്ന് സിഡബ്ല്യുപിആര്‍എസ് വിദഗ്ധ സമിതി വ്യക്തമാക്കുന്നു.തെക്കന്‍ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ.
പെരുമാതുറ ഭാഗത്തുള്ള പുലിമുട്ടിന്റെ നീളം കൂട്ടണം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ കേന്ദ്ര ഏജന്‍സി മുന്നോട്ടുവെയ്ക്കുന്നത്. ഇത് പിന്നീട് വടക്ക് പടിഞ്ഞാറ് ഭാഗത്തോട്ടായി 170 മീറ്റര്‍ ദൂരത്തോളം വളച്ചെടുത്ത് അഴിമുഖത്തേക്കുള്ള പ്രവേശനകവാടമാക്കണം. അഴിമുഖത്ത് മണ്ണടിയുന്നതും, വള്ളങ്ങള്‍ ഒഴുക്കില്‍പ്പെടുന്നതും തടയാന്‍ ഇത് സഹായിക്കുമെന്നും ശുപാര്‍ശയില്‍ പറയുന്നു.
അറുപതിലധികം മത്സ്യതൊഴിലാളികളുടെ ജീവനാണ് മുതലപ്പൊഴിയില്‍ പൊലിഞ്ഞത്. അപകടങ്ങള്‍ മുതലപ്പൊഴിയെ വിട്ടൊഴിയാതെ വന്നപ്പോളാണ് കഴിഞ്ഞ ഒക്ടോബറിലാണ് പൂനെ സിഡബ്ല്യുപിആര്‍എസിനെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചത്. തുടർന്ന് മണ്‍സൂണ്‍, പോസ്റ്റ് മണ്‍സൂണ്‍ സീസണുകള്‍ പഠിച്ചതിന് ശേഷമാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. പുലിമുട്ടുകളുടെ നിലവിലെ അലൈന്മെന്റില് പോരായ്മകളുണ്ടെന്നാണ് പ്രധാന കണ്ടെത്തല്‍. നിലവിലെ അലൈന്റ്മെന്റ് തുടര്‍ന്നാല്‍, മണ്‍സൂണ്‍ കാലത്ത് അപകടം ഇനിയും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.