പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പരിശോധനകൾ ശക്തമാക്കി പൊലീസ്. ബീച്ചുകളിലെയും പൊതു ഇടങ്ങളിലെയും ആഘോഷ പരിപാടികൾ 12 മണിക്ക് അവസാനിപ്പിക്കണം. ഹോട്ടലുകളിലെയും, ക്ലബ്ബുകളിലെയും പുതുവത്സര പാർട്ടികൾ പന്ത്രണ്ടര വരെ മാത്രമേ അനുവദിക്കുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു.
മാനവീയം വീഥിയിൽ വൈകിട്ട് ഏഴരയ്ക്ക് ബാരിക്കേഡുകൾ സ്ഥാപിക്കും. 12 മണിക്ക് തന്നെ മാനവീയം വീഥിയിലും പരിപാടികൾ അവസാനിപ്പിക്കണം. നഗരത്തിൽ 1500 പൊലീസുകാരെ വിന്യസിപ്പിക്കും. ലഹരി ഉപയോഗം തടയുന്നതിന്ന് പ്രത്യേക സംവിധാനങ്ങളും ഉണ്ടായിരിക്കും.
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തും. ഹോട്ടലുകളിൽ ഡി ജെ പാർട്ടികൾ സംഘടിപ്പിക്കുന്നതിന് പൊലീസിന്റെ പ്രത്യേക അനുമതി വേണം. ശബ്ദ മലിനീകരണ നിയമങ്ങൾ ലംഘിക്കുന്ന മൈക്ക് ഓപറേറ്റർമാർക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്.
വനിതാ പൊലീസ് മഫ്റ്റിയിലും പിങ്ക് പോലീസ് യൂണ്ഫോമിലും നഗരത്തിലുണ്ടാകും.