ദില്ലി: പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി പുതുവര്‍ഷത്തെ വരവേറ്റ് ലോകം. ആഘോഷങ്ങളും ആരവങ്ങളുമായി 2024 നെ ലോകത്തിന്റെ നാനാ ഭാഗത്തുമുള്ളവര്‍ വരവേറ്റു. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം പുതുവത്സര രാവ് പൊടി പൊടിച്ചു. പതിനായിര കണക്കിന് ആളുകളാണ് ഇത്തവണയും ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്. പാട്ടും ഡാന്‍സുമായി ആളുകള്‍ ആടിതിമിര്‍ത്തു. പടുകൂറ്റന്‍ പാപ്പാഞ്ഞിക്ക് 12 ന് തിരികൊളുത്തുമ്പോള്‍ പ്രതീക്ഷകളുടെ ഹാപ്പി ന്യൂയര്‍ വിളികളും ഉയര്‍ന്നു.
അപകട സാധ്യതകള്‍ കണക്കിലെടുത്ത് പോലീസിന്റെ നിയന്ത്രണത്തിലായിരുന്നു ഇത്തവണ എല്ലായിടത്തും ആഘോഷം. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം വിന്യസിച്ചത് ആയിരത്തോളം പൊലീസുകാരെയായിരുന്നു. കനകക്കുന്നിലും മാനവീയം വീഥിയിലുമെല്ലാം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. അലങ്കാര വിളക്കുകള്‍ കൊണ്ട് കോഴിക്കോടിന്റെ മുഖഛായ തന്നെ മാറിയിരുന്നു. കോഴിക്കോട് ബീച്ചും മാനഞ്ചിറ സ്‌ക്വയറുമെല്ലാം പുതുവര്‍ഷ ആഘോഷത്തില്‍ മുങ്ങിയിരുന്നു. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. രാജ്യത്തെ പ്രധാന നഗരങ്ങളായ ദില്ലി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ ആളുകള്‍ ആഘോഷവുമായി രംഗത്തിറങ്ങി. പതിവു പോലെ ഗോവയിലേക്കും ആളുകള്‍ ഒഴുകി എത്തി. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയാണ് പുതുവര്‍ഷത്തെ ആദ്യം വരവേറ്റത്.
ഹോട്ടലുകളിലും മാളുകളിലും പ്രത്യേക പരിപാടികള്‍ വെച്ചു. പ്രമുഖ ബാന്‍ഡുകളുടെ സംഗീത നിശയും ഡിജെ പാര്‍ട്ടികളുമുള്‍പ്പെടെ നഗരത്തില്‍ എല്ലായിടത്തും ആഘോഷപരിപാടികളായിരുന്നു. ടിക്കറ്റുകള്‍ ഉള്ളതും ഇല്ലാത്തതുമായി നിരവധി സ്റ്റേജ് ഷോകള്‍ ഇന്നലെ അരങ്ങേറി. റിസോര്‍ട്ടുകളിലെല്ലാം സ്‌പെഷ്യല്‍ പരിപാടികള്‍ അറങ്ങേറി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 12 മണിക്ക് ന്യൂയറിനെ വരവേറ്റ് ആഘോഷവേളകളിലേക്ക് എത്തിയിരുന്നു.