മധ്യപ്രദേശിലെ ഭോപ്പാലിലെ അനാഥാലയത്തിൽ നിന്ന് കാണാതായ 26 പെൺകുട്ടികളും സുരക്ഷിതരെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. കുട്ടികൾ അവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടെന്നും അനധികൃത അനാഥാലങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാർഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളെയാണ് അനാഥാലയത്തിൽ നിന്ന് കാണാതായത്. അനാഥാലയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ചെയര്മാന് പ്രിയങ്ക് കനുങ്കോ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയപ്പോഴാണ് അനാഥാലയത്തിന്റെ രജിസ്റ്ററിൽ ഉള്ളതിനെക്കാൾ കുറവ് കുട്ടികളാണ് നിലവിലവിടെ ഉള്ളതെന്ന കാര്യം അറിയുന്നത്. സംഭവത്തെക്കുറിച്ച് മാനേജർ അനിൽ മാത്യുവിനോട് ചോദിച്ചപ്പോൾ തൃപ്തകരമായ മറുപടിയല്ല അയാൾ നൽകിയത്.
അനാഥാലയത്തിലെ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ അതില്‍ കുട്ടികളുടെ എണ്ണം 68 ആയിരുന്നു. എന്നാൽ കുട്ടികളെ എത്തിച്ച് പരിശോധന നടത്തിയപ്പോൾ അതിൽ 26 പേരെ കാണാനില്ലെന്ന് തെളിയുകയായിരുന്നു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് ബാലവകാശ കമ്മീഷന് വിശദീകരണം അവശ്യപ്പെട്ടു. ഇടപെടൽ ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാനും രംഗത്തെത്തയിരുന്നു.