കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്ത് നല്കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രിയ വര്‍ഗീസും കണ്ണൂര്‍ സര്‍വ്വകലാശാലയും മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, സുധാന്‍ശു ധൂലിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
യുജിസി, അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ ഇടം നേടിയ ഡോ. ജോസഫ് സ്കറിയ എന്നിവർ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. ഡോ. പ്രിയ വര്‍ഗീസിന്റെ നിയമന സാധുതയില്‍ നേരത്തെ സുപ്രിംകോടതി സംശയം പ്രകടിപ്പിച്ചിരുന്നു. നിയമനം ശരിവെച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയില്‍ പിഴവുണ്ടെന്നായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണം. അന്തിമ വിധി വരുംവരെ പ്രിയ വര്‍ഗീസിന് തല്‍സ്ഥാനത്ത് തുടരാമെന്നാണ് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്.
കണ്ണൂര്‍ സര്‍വ്വകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിക്കാനുള്ള ശുപാര്‍ശ പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് യുജിസി, അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ ഇടം നേടിയ ഡോ. ജോസഫ് സ്കറിയ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചത്.
അസോസിയേറ്റ് പ്രൊഫസറാകാന്‍ യുജിസി മാനദണ്ഡപ്രകാരമുള്ള യോഗ്യത പ്രിയ വര്‍ഗീസിനില്ലെന്നും ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നുമായിരുന്നു നേരത്തെ ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് വിധിച്ചത്. തുടർന്ന് സിംഗിൾ ബഞ്ചിൻ്റെ വിധിക്കെതിരെ പ്രിയ വർഗീസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. യുജിസി ചട്ടമനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പ്രിയ വര്‍ഗീസിന് എല്ലാ യോഗ്യതയുമുണ്ടെന്നായിരുന്നു ഡിവിഷന് ബെഞ്ച് വിധി.