അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ദേശീയ ഉത്സവമാക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനുവരി 22-ന് ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കുന്നതിന്റെ ഭാഗമായി ജനുവരി 14 മുതല്‍ ശുചീകരണ ക്യാമ്പയില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം അയോധ്യ സന്ദർശിച്ചിരുന്നു. ശുചിത്വം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും വിവിഐപികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ച് ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കും. വ്യവസായ പ്രമുഖരും ചലച്ചിത്ര താരങ്ങളുമടക്കം സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ 7000 ലേറെ പേര്‍ എത്തുമെന്നാണ് രാമജന്മഭൂമി ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.