Newsperseconds.com

ആർ ശങ്കർ എന്ന കേരളത്തിന്റെ മൂന്നാം മുഖ്യമന്ത്രി….

Untitled design (16)

കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രിയും മൂന്നാമത്തെ മുഖ്യമന്ത്രിയുമായിരുന്ന ആര്‍. ശങ്കറിന്റെ 51ാം ചരമവാര്‍ഷികമാണ് ഇന്ന്. ഒന്നാം ഇ.എം.എസ് സര്‍ക്കാരിനെതിരേ നടന്ന വിമോചന സമരത്തിന്റെ നേതാക്കളിലൊരാൾ എന്ന നിലയിലാണ് രാഷ്ട്രീയ കേരളം ആ‍ർ ശങ്കറിനെ ഓർക്കുന്നത്. സ്വാതന്ത്രസമര സേനാനി,എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി, കെ.പി.സി.സി പ്രസിഡന്റ്, എസ്.എന്‍ ട്രസ്‌റ് സ്ഥാപകനും ആദ്യ സെക്രട്ടറിയും തിരുവാതാംകൂര്‍, കേരള നിയമസഭകളില്‍ അംഗം, കേരളത്തിലെ ആദ്യ ഉപമുഖ്യമന്തി, മുഖ്യമന്ത്രി, ഹിന്ദുമണ്ഡല നേതാവ്, അധ്യാപകന്‍,അഭിഭാഷകന്‍, പത്രാധിപര്‍ എന്നിങ്ങനെ വൈവിദ്ധ്യമായ മേഖലകളില്‍ ആർ ശങ്കർ എന്ന പേര് പ്രസക്തമാണ്.

1909 ഏപ്രില്‍ 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ പുത്തൂരില്‍ കുഴിക്കലിടവകയില്‍ വിളയില്‍ കുടുംബത്തില്‍ രാമന്‍ വൈദ്യര്‍-കുഞ്ചാലിയമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായിട്ടായിരുന്നു ആർ ശങ്കറിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1937ല്‍ ബി.എല്‍. ജയിച്ചു. 1938 ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനും 1942 ക്വിറ്റിന്ത്യാ പ്രക്ഷോഭത്തെ തുടര്‍ന്നും ജയില്‍വാസം അനുഭവിച്ചു. തുടർന്ന് 1944ല്‍ ശങ്കര്‍ എസ്.എന്‍.ഡി.പി. സെക്രട്ടറി സ്ഥാനത്തേക്ക്…

​ശ്രീനാരായണ ​ഗുരുവിന് ലഭിച്ച വലിയ സ്വത്തുക്കളെല്ലാം ശിവഗിരി സന്യാസ സംഘത്തിന്റെ ഉടമസ്ഥയിലായിരുന്ന കാലത്താണ് ആ‍‍ർ ശങ്കർ എസ്.എന്‍.ഡി.പി. സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. ഒന്നുമില്ലായ്മയില്‍ നിന്നും തന്നെ എസ്.എന്‍.ഡി.പി. യോഗമെന്ന പ്രസ്ഥാനത്തെ ശങ്കർ നയിച്ചു. വാതിലുകള്‍ തോറുമുളള പിരിവുകളും നാട്ടുകാരിൽ നിന്ന് ലഭിച്ച സംബാവനകളും വാങ്ങി അദ്ദേഹം എസ്.എന്‍.ഡി.പി. യോഗത്തിന്റെ കീഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി. അങ്ങനെ
എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രവര്‍ത്തന ആസ്ഥാനം കൊല്ലമായി മാറുകയും ചെയ്തു. കൊല്ലം എസ്.എന്‍. കോളജിന്റെ സ്ഥാപനത്തിനായി ഒരു നിലാവുളള രാത്രിയില്‍ ശങ്കറും സര്‍വ്വേയര്‍ വേലുപ്പിള്ളയും കൂടിയാണ് കൊല്ലം പീരങ്കി മൈതാനത്തിന്റെ ഒരറ്റത്ത് ഇരുപത്തഞ്ചു ഏക്കര്‍ സ്ഥലം അളന്നു തിരിച്ചത് ശങ്കറാണ്. തുടര്‍ന്നു ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യരുടെ അംഗീകാരം തേടി. കേരളത്തിലെ ഏറ്റവും വലിയ കലാശാലകളിലൊന്നായി എസ്.എന്‍. കോളജ് ഉയര്‍ന്നുവന്നു. തുടര്‍ന്നു എസ്.എന്‍. കോളജുകളുടെ ഭരണത്തിന് അദ്ദേഹം എസ്.എന്‍. ട്രസ്റ്റും രൂപീകരിച്ചു. 1948ല്‍ തിരുവിതാംകൂര്‍ നിയമസഭാംഗമായി, 1954 ല്‍ ‘ദിനമണി’ പത്രം തുടങ്ങിയ ശങ്കര്‍ 1957ല്‍ കെ.പി.സി.സി. പ്രസിഡന്റായി ചുമതലയേറ്റു.

പുന്നപ്ര വയലാര്‍ സമരത്തിന് ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ സമരത്തിലെ അപ്രായോഗികതയും ചതിയും ചൂണ്ടിക്കാട്ടി അദ്ദേഹം ആലപ്പുഴയിലെ ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ചു. ഒന്നാം ഇ.എം.എസ് സര്‍ക്കാരിനെതിരേ നടന്ന വിമോചന സമരത്തിന്റെ നേതാക്കളിലൊരാളായിരുന്നു ശങ്കര്‍. ഇത് അദ്ദേഹത്തെ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ ശത്രുവാക്കി മാറ്റി.

1960ലെ തിരഞ്ഞെടുപ്പില്‍ പട്ടം താണുപിള്ളയുടെ നേതൃത്ത്വത്തിലുള്ള ജനാധിപത്യ ഐക്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ശങ്കറായിരുന്നു അന്നത്തെ വിദ്യാഭ്യാസമന്ത്രി. 1962ല്‍ പട്ടം ആന്ധ്ര ഗവര്‍ണറായി പോയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായിരുന്ന ആർ ശങ്കര്‍ മുഖ്യമന്ത്രിയായി. അതിസമര്‍ത്ഥനായ അക്കാലത്തെ പ്രതിപക്ഷ നേതാവ് പി.റ്റി. ചാക്കോയായിരുന്നു ആഭ്യന്തരമന്ത്രിയും.
ശങ്കറിന്റെ ഭരണക്കാലത്താണ് കേരളത്തില്‍ ആദ്യമായി അശരണര്‍ക്കും അനാഥര്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. ഈ തീരുമാനം പിന്നീട് ഇന്ത്യ ആകെ മാതൃകയാകുകയും ചെയ്തു. അഗതികള്‍ക്ക് സഹായമായി പ്രതിമാസം അഞ്ചുരൂപ എന്നതായിരുന്നു പെൻഷൻ.

രണ്ടു വര്‍ഷത്തിലധികം അധികാരത്തിലിരുന്ന ശങ്കര്‍ മന്ത്രിസഭ കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളിലെ ഭിന്നതയെ തുടർന്ന് 1964ല്‍ വീണു.
1949ല്‍ മന്നത്ത് പദ്മനാഭനും ആര്‍ ശങ്കറും ഹിന്ദു മണ്ഡലം രൂപീകരിച്ചിരുന്നു. അന്ന് മന്നം ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ശങ്കര്‍ അംഗവുമായിരുന്നു. മന്ത്രിസഭാ പതനത്തിനുശേഷം അദ്ദേഹം മല്‍സരിച്ച തെരഞ്ഞെടുപ്പിലും അദ്ദേഹം പരാജയപ്പെട്ടു. തുടര്‍ന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ശങ്കര്‍ പിന്നീട് എസ്.എന്‍. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിൽ മാത്രമായി പൊതുപ്രവര്‍ത്തനം നടത്തി. 1972 നവംബര്‍ ആറിന് ആര്‍. ശങ്കര്‍ വിടവാങ്ങി.

Share this Article

Leave a Comment