Newsperseconds.com

പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും സജീവം: നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി

Flights

ഇറാന്‍ ഖത്തറിനെ ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് പശ്ചിമേഷ്യന്‍ മേഖലയില്‍ വീണ്ടും അതിസങ്കീര്‍ണാവസ്ഥ. തുടര്‍ച്ചയായി വിമാന സര്‍വീസുകള്‍ റദ്ദാകുന്നത് യാത്രക്കാരെ കനത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഇറാന്‍-ഖത്തര്‍ സംഘര്‍ഷത്തിന് പിന്നാലെ താല്‍ക്കാലികമായി തുറന്ന ഖത്തര്‍ വ്യോമപാത വീണ്ടും അടച്ചു. ഇതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം-ഷാര്‍ജ, മസ്‌കറ്റ്, ദമാം, ദുബായ് തുടങ്ങിയ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു. ദോഹയിലേയ്ക്കുള്ള ഖത്തര്‍ എയര്‍വേയ്സും, കുവൈറ്റ് എയര്‍വേയ്സിന്റെ കുവൈറ്റ് സര്‍വീസും, ഇന്‍ഡിഗോയുടെ ഷാര്‍ജ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.

കരിപ്പൂരില്‍ നിന്നും ഇന്ന് പുറപ്പെടേണ്ട 9 സര്‍വീസുകളും നാളെ പുറപ്പെടേണ്ട ഒരു സര്‍വീസും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രിയിലാണ് ഇറാന്‍ ഖത്തറിലെയും ഇറാഖിലെയും വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയത്. ഖത്തറിലെ ദോഹയില്‍ സ്‌ഫോടനശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാൽ അല്‍ ഉദൈദ് വ്യോമതാവളത്തിലേക്കുള്ള മിസൈല്‍ ആക്രമണം ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

വ്യോമപ്രതിരോധ സംവിധാനങ്ങളിലൂടെ മിസൈലുകള്‍ പ്രതിരോധിച്ചെന്നും ആരുടേയും ജീവഹാനിയുണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ യാത്രക്കാര്‍ യാത്രയ്ക്കുമുമ്പ് വിമാന സര്‍വീസുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഉറപ്പുവരുത്തണമെന്ന് വിമാനത്താവളവും വിമാന കമ്പനികളും അറിയിച്ചു.

Share this Article

Leave a Comment