ശ്രീലങ്കയിലേക്ക് ചരക്കുമായി യാത്ര തിരിച്ച സിങ്കപ്പൂര്‍ കൊടിയുള്ള ദാലി എന്ന കപ്പല്‍ കഴിഞ്ഞ ദിവസമാണ് ബാള്‍ട്ടിമോറിലെ ഒരു പ്രധാന പാലത്തില്‍ ഇടിച്ച് ആറുപേരെ കാണാതായത്. തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനകമായിരുന്നു അപകടം.
കാണാതായ ആറു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നത്തോടെ നിര്‍ത്തിവെച്ചു. പാലത്തിലെ കുഴികള്‍ അറ്റകുറ്റപ്പണി നടത്തുന്ന നിര്‍മാണ സംഘത്തിലെ അംഗങ്ങളാണ് കാണാതായത്. അപകടത്തിന് തൊട്ടുമുമ്പ് പാലത്തിലൂടെയുള്ള ഗതാഗതം പോലീസ് തടഞ്ഞിരുന്നുവെന്നും തൊഴിലാളികളല്ലാതെ മറ്റാരും വെള്ളത്തിലേക്ക് വീണിട്ടില്ലെന്നും പോലീസ് പറഞ്ഞു.
നിര്‍മാണ തൊഴിലാളികള്‍ പാലത്തിലെ കുഴികള്‍ നന്നാക്കുന്നതിനിടെ പുലര്‍ച്ചെ 1:30 ഓടെ ചരക്ക് കപ്പല്‍ അതിന്റെ താങ്ങുകളിലൊന്നില്‍ ഇടിക്കുകയായിരുന്നു. അപകടസമയം 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാം ഇന്ത്യക്കാരാണെന്നും സുരക്ഷിതരാണെന്നും കപ്പല്‍ കമ്പനിയായ സിനെര്‍ജി സ്ഥിരീകരിച്ചു. കപ്പലില്‍ വൈദ്യുതി ബന്ധം നഷ്ടമായതോടെയാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം.