ശബരിമലയിലെ പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു. ആയിരക്കണക്കിന് ഭക്തരാണ് മകര ജ്യോതി ദർശിക്കാൻ ശബരിമലയിൽ എത്തിയത്. ഘോഷയാത്രയായി പന്തളത്തുനിന്നെത്തിച്ച തിരുവാഭരണങ്ങൾ വൈകിട്ടോടെ സന്നിധാനത്തെത്തി. ആഭരണങ്ങൾ അയ്യപ്പനെ അണിയിച്ച ശേഷം ദീപാരാധന നടന്നു. സർവ്വാഭരണ വിഭൂഷിതനായ അയ്യപ്പനെ ദർശിച്ച് ഭക്തർ ഇന്ന് മലയിറങ്ങും.
മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ക്ക് തുടക്കമായി. വൈകിട്ട് 6.30 ഓടെ തിരുവാഭരണവുമായി പതിനെട്ടാം പടി കയറി. തിരുവാഭരണങ്ങൾ അയ്യപ്പന് ചാർത്തിയ ശേഷമായിരുന്നു ദീപാരാധന. പിന്നാലെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. 10 വ്യൂ പോയിന്റുകളാണ് മകരജ്യോതി ദർശിക്കാൻ ഒരുക്കിയത്. പുല്ലുമേട്ടിലും ജ്യോതി ദർശിക്കാൻ സൗകര്യമൊരുക്കിയിരുന്നു. പുല്ലുമേടിന് പുറമെ പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.