ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗവും പ്രധാനമന്ത്രി നരേന്ദ്രമോദിയും വീണ്ടും ഒന്നിക്കുന്നുവെന്ന് സൂചന. അഞ്ച് മാസം മുമ്പ് കഴിഞ്ഞ വെള്ളാപ്പള്ളിയുടെ കൊച്ചുമകളുടെ വിവാഹത്തിന്റെ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഫെബ്രുവരി രണ്ടിന് ഡല്‍ഹിയില്‍ എത്തിയത്. സല്‍ക്കാരത്തിനിടെ പ്രധാനമന്ത്രിയുമായി കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നതായാണ് അറിയുന്നത്. വെള്ളാപ്പള്ളിയുമായി വിശദമായ ചര്‍ച്ചകള്‍ മോദി നടത്തിയിട്ടുണ്ട്.
വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗത്തിന്റെ പൂര്‍ണ്ണപിന്തുണയാണ് വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിരിക്കുന്നത്. ശ്രീനാരായണ പ്രസ്ഥാനം ഒന്നടങ്കം എന്‍ഡിഎയ്‌ക്കൊപ്പം അണിചേരുമെന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ്. ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കേരളഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ചെറുമകളുടെ വിവാഹ സല്‍ക്കാരത്തിന്റെ ഭാഗമായിട്ടാണ് ഡല്‍ഹിയില്‍ ഇത്തരത്തിലൊരു കൂടിക്കാഴ്ച നടത്തിയതെന്നാണ് പറയുന്നതെങ്കിലും വ്യക്തമായ രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് എസ്എന്‍ഡിപിയിലെ ഒരു വിഭാഗം ഉന്നയിക്കുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പോലും ക്ഷണിക്കാത്ത വിരുന്നാണ് ഡല്‍ഹിയില്‍ നടന്നത്.
അതേ സമയം, കഴിഞ്ഞ കുറേ കാലങ്ങളായി ബിഡിജെഎസുമായും എസ്എന്‍ഡിപിയുമായും അകല്‍ച്ചയിലാണെന്നും അഭിപ്രായ വ്യത്യാസത്തിലാണെന്നും സൂചന നല്‍കി സിപിഎമ്മിന് ഒപ്പം നിന്നിരുന്ന വെള്ളാപ്പള്ളി നടേശനാണ് പിണറായി വിജയനേയും സിപിഎമ്മിനോയും തള്ളി ബിജെപിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്. വെള്ളപ്പള്ളി നടേശനെ ഗവര്‍ണര്‍ ആക്കണമെന്ന ചില നീക്കങ്ങള്‍ ഇതിനിടയില്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഇനി തുടര്‍ന്നും അത്തരത്തിലൊരു നീക്കത്തിന് സാധ്യതയുണ്ടോ എന്ന് സംശയമുണ്ട്. കേരളത്തില്‍ ഒരു കോടിയോളം വരുന്ന ഈഴവ സമുദായത്തിന്റെ പിന്തുണയാണ് വെള്ളാപ്പള്ളി നടേശന്‍ നരേന്ദ്രമോദിയെ അറിയിച്ചിരിക്കുന്നത്. 2026ല്‍ കേരളഭരണം എന്‍ഡിഎക്ക് പിടിക്കാന്‍ കഴിയുമെന്ന ഉറപ്പാണ് നരേന്ദ്രമോദിക്ക് അദ്ദേഹം നല്‍കിയിരിക്കുന്നത്. ഇതോട് കൂടി എസ്എന്‍ഡിപിയും സിപിഎമ്മുമായുള്ള ഭിന്നത വെളിവാകുകയാണ്. സിപിഎമ്മിനെതിരെ കടുത്ത നിലപാടാണ് വെള്ളാപ്പള്ളി നടേശന്‍ സ്വീകരിച്ചതെന്നാണ് അണികള്‍ പറയുന്നത്.
പിണറായി വിജയനേയും സിപിഎമ്മിനേയും ഒരേ സമയം തള്ളിപ്പറഞ്ഞ്‌കൊണ്ട് വെള്ളാപ്പള്ളി മറുപക്ഷത്തേക്ക് ചേക്കേറിയിരിക്കുന്നത് എസ്എന്‍ഡിപിയിലൊരു വലിയ വിഭാഗത്തിന്റെ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. അവസരത്തിനൊത്ത് കാലുമാറുന്ന നയത്തെ എസ്എന്‍ഡിപിയിലെ വെള്ളാപ്പള്ളിയുടെ അനുനായികള്‍ തന്നെ തള്ളിപ്പറയുന്ന സാഹചര്യമാണ് നിലവില്‍ ഉണ്ടായത്. ഈഴവ സമുദായത്തിലെ എണ്‍പത് ശതമാനം വരുന്ന ആളുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നട്ടെല്ലാണ്. അത്തരത്തിലൊരു സമുദായത്തെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാല്‍ക്കീഴില്‍ കൊണ്ടു വെച്ച് അടിയറവ് വെക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്തിരിക്കുന്നതെന്നാണ് എസ്എന്‍ഡിപിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. ഇതോടെ വിമതപക്ഷം നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം സത്യമാണ് എന്നുള്ളതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിനേയോ ബിജെപിയേയോ വെള്ളാപ്പള്ളി വിമര്‍ശിക്കില്ല. തുഷാര്‍ ബിജെപി മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാവുകയുെ ചെയ്യും. കോട്ടയത്ത് തുഷാര്‍ മത്സരിക്കുമെന്നാണ് സൂചന ലഭിക്കുന്നത്. കോട്ടയം ലോക്‌സഭാ സീറ്റ് ബിഡിജെഎസിന് നല്‍കാന്‍ തത്വത്തില്‍ ധാരണ ബിജെപിയില്‍ ആയിട്ടുണ്ട്. കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.