രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമിക്കും അയ്യങ്കാളിക്കും നല്‍കി ആദരിക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് പി. ആര്‍. സോംദേവ്. കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ചരിത്രത്തില്‍ സമൂലമായ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താക്കളാണ് ഇവരെന്നും പി. ആര്‍. സോംദേവ് പറഞ്ഞു.
കേരള നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ നായകര്‍ ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയുമാണെന്നും കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ചരിത്രത്തില്‍ സമൂലമായ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച സമുഹ്യ പരിഷ്‌കര്‍ത്താക്കളാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നല്‍കുമെന്നും അദേഹം വ്യക്തമാക്കി. അടിമാലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരെ എല്ലാവരേയും ഒരേ പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു കേരളത്തില്‍. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ താഴ്ന്ന ജാതിക്കാര്‍ക്ക് നിഷിദ്ധമായിരുന്നു. അവര്‍ണ്ണരെ അടിമകളാക്കി വക്കുന്ന തരം ജന്മി-കുടിയാന്‍ വ്യവസ്ഥകള്‍ അക്കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നു. ഇതൊന്നും പോരാതെ സാമൂഹ്യമായ മര്‍ദ്ദനങ്ങളെ അതിക്രമിക്കും വിധമായിരുന്നു അവര്‍ണ്ണ ജാതിക്കാരുടെ മേല്‍ നടത്തിയിരുന്ന സാമ്പത്തിക ചൂഷണങ്ങള്‍. ഇതിനെതിരെയെല്ലാം പോരാടി കേരളത്തെ നവേത്ഥാനത്തിലേക്ക് കൈപിടിച്ചു കരകയറ്റിയ ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ഭാരതരത്‌നക്ക് അര്‍ഹരാണെന്ന് പി.ആര്‍ സോംദേവ് പറഞ്ഞു.
കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകള്‍ക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും പോരാടി കേരളത്തെ നേരിന്റെ വഴിയേ നയിച്ചവര്‍. കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിക്കുന്നതില്‍ പങ്കു വഹിച്ച മൂന്ന് പോരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, പ്രമേയം കേരളത്തിനുവേണ്ടിയും, എന്‍. ഡി. എ ക്ക് വേണ്ടിയും ശ്രീ. നരേന്ദ്രമോദിക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്വാലെ) കേരള ഘടകം സമര്‍പ്പിക്കും. പാര്‍ട്ടി സ്റ്റേറ്റ് പ്രസിഡന്റ് പി. ആര്‍. സോംദേവ്,സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്‍. സി. രാജീവ്,സ്റ്റേറ്റ് സെക്രട്ടറി ഷെരീഫ് ബാബു. വി. കെ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.