ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ സുപ്രീംകോടതിയുടേത് ചരിത്രവിധിയെന്ന് സിപിഐഎം. സ്‌കീം ഭരണഘടന വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടു. ഇതോടെ ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് വന്‍തിരിച്ചടിയാണ് കിട്ടിയത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടര്‍മാര്‍ക്കുണ്ട്. സംഭാവന വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമാണ്. സംഭാവന നല്‍കുന്നവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്വാധീനം കൂടും. കള്ളപണം തടയാനുള്ള നടപടി എന്ന പേരില്‍ മാത്രം ഇത് മറച്ചു വയ്ക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇലക്ട്രല്‍ ബോണ്ടിനായി കമ്പനി നിയമത്തില്‍ വരുത്തിയ ഭേദഗതി ഭരണഘടന വിരുദ്ധമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ രഹസ്യമാക്കി വെക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേ സമയം, സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് യെച്ചൂരി പറഞ്ഞു. സിപിഐഎം മാത്രമാണ് ഇലക്ട്രല്‍ ബോണ്ട് സ്വീകരിക്കാത്തത്. ആരാണ് പണം നല്‍കിയതെന്ന് ഉടന്‍ വ്യക്തമാകും. ഇതിനെന്താണ് തിരിച്ചു നല്‍കിയതെന്നും വ്യക്തമാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അഴിമതി നിയമവിധേയമാക്കാനാണ് ഇലക്ട്രല്‍ ബോണ്ട് കൊണ്ട് വന്നത്. എന്നാല്‍ ഇതൊരു രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഉപയോഗിച്ചുവെന്നും ഭൂരിഭാഗം ഇലക്ട്രല്‍ ബോണ്ടുകളും പോയത് ബിജെപിയിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.