തിരുവനന്തപുരം; തിരുവനന്തപുരം പേട്ടയില്‍ കാണാതായ രണ്ട് വയസ്സുകാരി മേരിയെക്കുറിച്ച് ഇതുവരെയും സൂചന ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുട്ടിയെ കാണാതായിട്ട് 10 മണിക്കൂര്‍ പിന്നിടുകയാണ്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികളെയും കുടുംബത്തിനൊപ്പം വന്ന ആളുകളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേ സമയം, കുട്ടിയുടെ അച്ഛനും അമ്മയും അപ്പൂപ്പനും പൊലീസ് കസ്റ്റഡിയിലാണ്. സംശയം തോന്നുന്ന എല്ലാ വഴികളിലൂടെയും പോലീസ് നീങ്ങുകയാണ്. രാത്രി ഒരു മണിയോടെ കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയെങ്കിലും 2.30 നാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം അറിയുന്നത്. എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി അന്വേഷിച്ചുവരികയാണ്. വളരെ ജാഗ്രതയോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. രക്ഷിതാക്കള്‍ സംശയം പ്രകടിപ്പിച്ച മഞ്ഞ ആക്ടീവ സ്കൂട്ടര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ സ്കൂട്ടറില്‍ കൊണ്ടുപോയെന്ന് സഹോദരന് പോലീസിന് മൊഴി നല്കി.
ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീന ദേവി ദമ്പതികളുടെ മകളായ മേരിയെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. കറുപ്പും വെളുപ്പും ചേര്‍ന്ന നിറത്തിലുള്ള ടീ ഷര്‍ട്ടാണ് കുട്ടി ധരിച്ചിരിക്കുന്നത്. വ്യാപക തിരച്ചിലാണ് പോലീസ് നടത്തുന്നത്.