കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂര്‍ വളപട്ടണം പൊലീസാണ് കേസെടുത്തത്. രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള തന്റെ ഭാര്യയുടെതെന്ന് പറയുന്ന ഫോട്ടോ മോര്‍ഫ് ചെയ്തതാണെന്ന് ജയരാജന്‍ പറഞ്ഞു. ബിജെപി വനിത നേതാവിന്റെ തലവെട്ടി തന്റെ ഭാര്യയുടെ തല ഒട്ടിച്ച് പ്രചരിപ്പിക്കുകയാണ്. ചിത്രം ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് പി.കെ.ഇന്ദിര നല്‍കിയ പരാതിയിലാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. രാജീവ് ചന്ദ്രശേഖരനെ ഇന്നുവരെ താന്‍ കണ്ടിട്ടില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.
അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രശസ്തനാണെന്നും ജയരാജന്‍ പറഞ്ഞു. വൃത്തികെട്ട രാഷ്ട്രീയമാണ് വിഡി സതീശന്റേത്. ഇത്തരത്തില്‍ ഒരാള്‍ എങ്ങനെ പ്രതിപക്ഷ നേതാവായി ഇരിക്കുന്നുവെന്നും ഇപി ചൂണ്ടിക്കാട്ടി. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയത് സതീശനാണ്. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത ചമച്ചത് സതീശനാണ്. ഇപ്പോള്‍ ഏതോ ഒരു ഫോട്ടോ പ്രചരിപ്പിക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖറിനൊപ്പം ത്രിപുരയിലെ വനിതാ ബിജെപി നേതാവ് ഇരിക്കുന്ന സ്ഥാനത്താണ് തന്റെ ഭാര്യയുടെ തലവെട്ടി സതീശന്‍ പ്രചരിപ്പിക്കുന്നത്.