തൃശ്ശൂര്‍: കറുത്ത നിറമുള്ളവര്‍ മോഹിനിയാട്ടം കളിക്കേണ്ടന്ന പരാമര്‍ശം ആവര്‍ത്തിച്ച് കലാമണ്ഡലം സത്യഭാമ. യൂട്യൂബ് ചാനലിന് കൊടുത്ത ഇന്റര്‍വ്യൂവില്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന പരാമര്‍ശം വിവാദമായിട്ടും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സത്യഭാമ.
മോഹിനിയാട്ടം കളിക്കുന്നത് സുന്ദരികളായ വെളുത്ത സ്ത്രീകളാണ്. അല്ലാതെ മോഹനനല്ല. മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. കറുത്ത കുട്ടികള്‍ക്ക് ഏതെങ്കിലും സൗന്ദര്യമത്സരത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ടോ എന്നും അവര്‍ മാധ്യമങ്ങളോട് ചോദിച്ചു. യൂണിവേഴ്സിറ്റി, സ്‌കൂള്‍ കലോത്സവങ്ങളില്‍ വിധികര്‍ത്താവായി ഇരുന്നിട്ടുണ്ട്. അവിടെ മാര്‍ക്കിടുന്നതിന് നല്‍കുന്ന പേപ്പറില്‍ ആദ്യ കോളത്തിലെ ചോദ്യം കുട്ടിയുടെ സൗന്ദര്യത്തെക്കുറിച്ചാണ്. എത്ര തവണ ആരൊക്കെ എന്തൊക്കെ ചോദിച്ചാലും
എന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നും അവര്‍ വ്യകത്മാക്കി.
താന്‍ പറഞ്ഞത് സൗന്ദര്യത്തെക്കുറിച്ച് മാത്രമാണ്. നിങ്ങള്‍ ആരും ജോലി ചെയ്യുന്ന മേഖലയെ കുറിച്ചല്ല. ഞാന്‍ വ്യക്തിപരമായി ആരെയും പരാമര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു വ്യക്തിയെയും അധിക്ഷേപിച്ചിട്ടില്ല. ആരുടേയും പേര് ഞാന്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടില്ല. ജാതി പറഞ്ഞിട്ടില്ല, മതം പറഞ്ഞിട്ടില്ല. സാധാരണ കറുത്ത കുട്ടികള്‍ പരിശീലനത്തിന് വന്നാല്‍ പരിശീലനം നല്‍കും, പക്ഷേ മത്സരത്തിന് പോകേണ്ടെന്ന് പറയും. മോള്‍ മത്സരത്തിന് പോകണ്ട, അമ്പലത്തിലും ക്ഷേത്രങ്ങളിലും കളിച്ചോ, മത്സരത്തിന് പോകുമ്പോള്‍ സൗന്ദര്യത്തിന് ഒരു കോളമുണ്ട് എന്നാണ് പറയാറുമെന്നും സത്യഭാമ പരസ്യമായി പറഞ്ഞു.