ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ നിന്നായി മത്സരിക്കുന്നത് 194 സ്ഥാനാര്‍ത്ഥികള്‍. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയ്യതി ഇന്നായിരുന്നു. സമയപരിധി അവസാനിച്ചതോടെയാണ് അന്തിമലിസ്റ്റ് പുറത്തു വന്നത്. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയായിരുന്നു സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള സമയപരിധി. സംസ്ഥാനത്താകെ 10 സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചു.
കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത്. 14 പേരാണ് മണ്ഡലത്തില്‍ മത്സരിക്കാനെത്തുന്നത്. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ആലത്തൂരാണ്. 5 സ്ഥാനാര്‍ത്ഥികള്‍ മാത്രം. കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാര്‍ഥികളുമുണ്ട്. സംസ്ഥാനത്താകെയുള്ള 194 സ്ഥാനാര്‍ഥികളില്‍ 25 പേര്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ 169 പേരാണ്. ഏറ്റവുമധികം വനിത സ്ഥാനാര്‍ഥികളുള്ളത് വടകര മണ്ഡലത്തിലാണ്. 4 പേരാണുള്ളത്. മണ്ഡലത്തില്‍ 10 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനെത്തിയ കോണ്‍ഗ്രസിന്റെ മുന്‍ ഭാരവാഹി അബ്ദുള്‍ റഹീം പത്രിക പിന്‍വലിച്ചു.
സിപിഎം സ്ഥാനാര്‍ഥി കെകെ. ശൈലജയ്ക്ക് ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി എന്നിങ്ങനെ മൂന്ന് അപരകളാണുള്ളത്. ഷാഫി, ഷാഫി ടിപി എന്നിങ്ങനെ രണ്ട് അപരന്മാരാണ് ഷാഫി പറമ്പിലിനുള്ളത്. സിറ്റിങ് എംപി കെ. മുരളീധരന്റെ പേരുള്ള ഒരു സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്.