Newsperseconds.com

‘ദളിതരുടെയും അധഃസ്ഥിതരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മഹത് വ്യക്തി’; ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് ബി. ആര്‍. അംബേദ്കറുടെ ജന്മദിനത്തില്‍ സ്മരണ പുതുക്കി ഡോ.രാജീവ്‌മേനോന്‍

Untitled 1

ഇന്ത്യന്‍ ബഹുമുഖ പ്രതിഭയും പൗരാവകാശ പ്രവര്‍ത്തകനുമായ ബി. ആര്‍. അംബേദ്കറുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ സ്മരണ പുതുക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ: രാജീവ് മേനോന്‍. അംബേദ്ക്കറുടെ സ്മരണയില്‍ ഏപ്രില്‍ 14-ന് ആചരിക്കുന്ന വാര്‍ഷിക ഉത്സവമാണ് അംബേദ്കര്‍ ജയന്തി അല്ലെങ്കില്‍ ഭീം ജയന്തി. ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവും അഭിഭാഷകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു ഡോ. ബി.ആര്‍ അംബേദ്കര്‍. ഇന്ത്യന്‍ ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിലും ദളിതരുടെയും അധഃസ്ഥിതരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വലുതാണെന്ന് ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു. ഈ ദിനത്തിന്റെ ചരിത്രത്തെയും പ്രാധാന്യത്തെയും കുറിച്ച് കൂടുതലായി മനസിലാക്കല്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അംബേദ്കര്‍ ജയന്തി ഒരു പൊതു അവധി ദിവസമാണ്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഒരു പ്രധാന വ്യക്തിയാണ് ബി.ആര്‍ അംബേദ്കര്‍. ദളിതര്‍, ആദിവാസികള്‍, തൊഴിലാളികള്‍, സ്ത്രീകള്‍, ബുദ്ധമതം സ്വീകരിക്കുന്നവര്‍ എന്നിവര്‍ക്ക് വേണ്ടി അംബേദ്ക്കര്‍ ശബ്ദമുയര്‍ത്തിയിരുന്നുവെന്നും അവരെ സംബന്ധിച്ചിടത്തോളം അംബേദ്കര്‍ ജയന്തി ഒരു സുപ്രധാന ദിവസം തന്നെയാണെന്നും ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു. മുംബൈയിലെ ചൈത്യഭൂമിയിലും നാഗ്പൂരിലെ ദീക്ഷാഭൂമിയിലും ഡോ. ബി.ആര്‍ അംബേദ്കറിന്റെ അനുയായികള്‍ അംബേദ്കര്‍ ജയന്തി ഘോഷയാത്രകള്‍ നടത്താറുണ്ട്. കൂടാതെ ഇതേ ദിവസം രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഇന്ത്യന്‍ പാര്‍ലമെന്റിനു പുറത്തുള്ള അംബേദ്കറുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്താറുണ്ട്. കേരളത്തിലും ഇന്നത്തെ ദിവസം അംബേദ്ക്കര്‍ ജയന്തി കൊണ്ടാടുമെന്നും അദ്ദേഹത്തിന്റെ സ്മരണയില്‍ ആദരിക്കുമെന്നും ഡോ. രാജീവ്‌മേനോന്‍ വ്യക്തമാക്കി.

1956 സെപ്തംബര്‍ 30-ന് ബി.ആര്‍. അംബേദ്കര്‍ ‘റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ’ എന്ന പാര്‍ട്ടി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പ് 1956 ഡിസംബര്‍ 6 ന് അദ്ദേഹം മരിക്കുകയായിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ അനുയായികളും പ്രവര്‍ത്തകരും ഈ പാര്‍ട്ടി രൂപീകരിക്കാന്‍ പദ്ധതിയിട്ടു. പാര്‍ട്ടി സ്ഥാപിക്കുന്നതിനായി 1957 ഒക്ടോബര്‍ 1 ന് നാഗ്പൂരില്‍ പ്രസിഡന്‍സിയുടെ ഒരു യോഗം ചേര്‍ന്നു. 1957 ഒക്ടോബര്‍ 3-ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിച്ചു. ഇന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും പാര്‍ട്ടിക്ക് രാജ്യത്ത് വലിയ രീതിയില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതില്‍ പ്രതീക്ഷയുണ്ടെന്നും അംബേദ്ക്കര്‍ ദിനത്തില്‍ ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

 

Share this Article

Leave a Comment