തിരുവനന്തപുരം: ഇടതുപക്ഷവും കോണ്‍ഗ്രസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ഒരു മലയാള ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്. കേരളത്തില്‍ ഇരുകൂട്ടരും സൗഹൃദമത്സരത്തിലാണെന്നും ഡല്‍ഹിയില്‍ അവര്‍ പാര്‍ട്ണര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കാത്തിരിക്കുന്നത് വലിയൊരു ഭാവിയാണ്. അതിനായി സര്‍ക്കാര്‍രീതികളില്‍ മാറ്റംവരണം. ഇന്ത്യയിലേക്കുവരുന്ന എല്ലാ വിദേശ സംരംഭകര്‍ക്കും കേരളത്തിലും സാധ്യതകള്‍ കണ്ടെത്താനാവണം. അതിനുവേണ്ടത് സര്‍ക്കാര്‍തലത്തിലുള്ള നയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയിലും കുടുംബവാഴ്ചയിലും ബിഹാറിലെ രാഷ്ട്രീയക്കാരെപോലും വെല്ലുന്ന തരത്തിലാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് യാതൊരു വിധ ബുദ്ധിമുട്ടുമില്ല. ബിജെപി സീറ്റും വോട്ട് ഷെയറും വര്‍ധിപ്പിക്കും. രാഹുല്‍ ഗാന്ധിക്ക് വയനാട് വിടേണ്ടിവരുമെന്നതില് സംശയമില്ല, കേന്ദ്ര ഭരണത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഹാട്രിക് തികയ്ക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാകക്ിയത്. പിണറായി സര്‍ക്കാരിന്റെ അഴിമതിയും കുടുംബവാഴ്ചയും എല്ലാവര്ക്കും അറിയാം. സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തെക്കുറിച്ച് വ്യക്തതയുണ്ട്. എന്നാല്‍ പിണറായിക്കെതിരായ ആരോപണങ്ങളില്‍ മോദി നടപടി എടുക്കുന്നില്ല എന്ന ആരോപണത്തോട് യോജിക്കുന്നില്ല. സ്വതന്ത്ര അന്വേഷണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.
ഇഡി വിഷയം, സഹകരണ ബാങ്ക് തട്ടിപ്പ്, ദക്ഷിണേന്ത്യയോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാട്ടുന്നുവെന്ന പ്രതിപക്ഷ ആരോപണം തുടങ്ങി കേരളത്തിലെ കത്തിനില്‍ക്കുന്ന വിഷയങ്ങളെ കുറിച്ചെല്ലാം പ്രധാനമന്ത്രി സംസാരിച്ചു. അതേ സമയം, കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ വിട്ടുവീഴ്ചയില്ലയെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെയും അഭിമുഖത്തിലുടനീളം രൂക്ഷമായി വിമര്‍ശിച്ചു. അതേ സമയം, ഇഡിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി വാചാലനായി.
ഇഡി അടക്കം എല്ലാ അന്വേഷണ ഏജന്‍സികളും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്വതന്ത്രമായി ജോലി ചെയ്യാനുള്ള നിര്‍ദേശമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയതെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയോ സര്‍ക്കാരോ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ല. ഇഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണം വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സര്‍ക്കാരിനോടും കുടുംബത്തോടും യാതൊരു വിധ മൃദുസമീപനവും കാണിക്കുന്നില്ല. അഴിമതിയിലും കരുവന്നൂര്‍ അടക്കമുള്ള സഹകരണ ബാങ്ക് തട്ടിപ്പു കേസിലും ശക്തമായ അന്വേഷണം നടക്കും. പണം നഷ്ടമായവര്‍ക്ക് തുക തിരികെ ലഭിക്കാനുള്ള നടപടിയും സ്വീകരിക്കും. കൂടാതെ സഭാതര്‍ക്കത്തിലും ഇടപെട്ട് ബിഷപ്പുമാരുടേയും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.