മമ്മൂട്ടിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനും സൈബര്‍ ആക്രമണത്തിനും എതിരെ പ്രതികരിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ:രാജീവ് മേനോന്‍. കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്‌ക്കെതിരെ വിദ്വേഷ പ്രചാരണ ട്രോളുകളും സൈബര്‍ ആക്രമണവുമുണ്ടായത്. കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള വ്യക്തി
യെ വിദ്വേഷ പ്രചാരണങ്ങളാല്‍ മൂടാന്‍ സാധിക്കില്ലെന്നും മമ്മൂട്ടി മലയാളിയുടെ അഭിമാനമാണെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. മമ്മൂട്ടിയെന്ന മഹാനടന്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ്, വിവാദ വാര്‍ത്തകളില്‍ ഇതുവരേയും ഇടം പിടിക്കാത്ത വ്യക്തിയും കൂടിയാണ് അദ്ദേഹം. ഒരു ജാതിയേയോ ഒരു മതത്തേയോ അദ്ദേഹം ഇന്നുവരേയും അപമാനിച്ചിട്ടില്ല. എല്ലാ മതങ്ങളേയും ഒരേ പോലെ ബഹുമാനിക്കുകയും രാഷ്ട്രീയ നേതാക്കളുമായി വലിയ ആത്മബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. അതേ സമയം, ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്ന ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മമ്മൂട്ടിയെന്ന മഹാനടനു വേണ്ട എല്ലാ വിധ സഹായങ്ങളും ഉറപ്പുവരുത്തണമെന്നും ആര്‍പിഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍. സി രാജീവ്ദാസിന് ഡോ. രാജീവ്‌മേനോന്‍ നിര്‍ദ്ദേശം നല്‍കി.
മമ്മൂട്ടി അഭിനയിച്ച പുഴു എന്ന ചിത്രത്തെ സംബന്ധിച്ചാണ് വിദ്വേഷ പ്രചാരണം നടന്നത്. അമ്പത് വര്‍ഷക്കാലം മലയാളി ഊണിലും ഉറക്കത്തിലും കേട്ട ശബ്ദവും കണ്ട മുഖവും മമ്മൂട്ടിയുടേതാണ്. അങ്ങനെയൊരു വ്യക്തിയെ എത്രയൊക്കെ ചാപ്പ കുത്താന്‍ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനില്‍ക്കുമെന്ന് കരുതേണ്ടെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പുഴു. ബോധത്തിലും അബോധത്തിലും ജാതിപേറുന്ന ഒരു സവര്‍ണ്ണന്റെ ജീവിതമാണ് സിനിമ പറയുന്നത്. സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതീയതയും മുസ്ലീം വിരുദ്ധതയുമൊക്കെ സിനിമ മറയില്ലാതെ പറയുന്നുണ്ട്. ഈ സിനിമയുടെ പേരില്‍ സവര്‍ണരെ മമ്മൂട്ടി മനപ്പൂര്‍വ്വം കരിവാരി തേക്കുന്നുണ്ടെന്നും മമ്മൂട്ടി സിനിമയെ വര്‍ഗീയവത്ക്കരിക്കുന്നുണ്ടെന്നും പറയുന്നവരുടെ രാഷ്ട്രീയ കുതന്ത്രം ഇവിടെ വില പോവില്ലെന്നും ഡോ. രാജീവ്‌മേനോന്‍ വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്ന ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ നിയമനടപടികള്‍ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയെ പോലെയൊരു മഹാനടനെ മതതീവ്ര ആശയങ്ങളുമായോ അജണ്ടയുമായോ കൂട്ടിക്കെട്ടേണ്ട ആവശ്യമില്ല. ഒരു പാര്‍ട്ടിയുടേയും പക്ഷം ചേരാത്ത വ്യക്തിയാണ് മമ്മൂട്ടി. അംബേദ്ക്കര്‍ എന്ന മലയാളചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട തടസ്സങ്ങളില്‍ ഇടപെട്ട് സിനിമയെ കേരളത്തിനകത്തും പുറത്തും റിലീസിന് വഴിയൊരുക്കിയ വ്യക്തിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് രാംദാസ് അത്താവാലെ. ആര്‍പിഐ പാര്‍ട്ടിയുടേയും രാംദാസ് അത്താവാലെ അടക്കമുള്ള നേതാക്കളുടെയും പിന്തുണ നടന്‍ മമ്മൂട്ടിക്ക് ഉണ്ടെന്നും ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു. കഴിഞ്ഞ 5 പതിറ്റാണ്ടുകളായി മലയാളി മനസ്സുകളുടെ മുന്നില്‍ തുറന്ന പുസ്തകമാണ് മമ്മൂട്ടിയെന്ന മഹാനടന്‍. എല്ലാ തരം കഥാപാത്രങ്ങളെയും അഭ്രപാളികളില്‍ അവതരിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് അദ്ദേഹം. മമ്മൂട്ടിയെ പോലുള്ള മഹാനടനെ കരിവാരി തേക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ഡോ. രാജീവ്‌മേനോന്‍ കൂട്ടിച്ചേര്‍ത്തു.