Newsperseconds.com

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഇന്ന്

Sunathra pawar

മുംബൈ: അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അവര്‍ സമ്മതം അറിയിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എൻസിപി നിയമസഭാ കക്ഷി യോ​ഗം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കു ചേരും.

63കാരിയും രാജ്യസഭാ എംപിയുമായ സുനേത്ര മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോര്‍ഡോടെയാണ് അധികാര കേന്ദ്രത്തിലേക്ക് വരുന്നത്. മഹാരാഷ്ട്രയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബത്തില്‍ അംഗമാണെങ്കിലും സുനേത്ര അടുത്ത കാലം വരെ മുന്നണി രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗമാണ് അവരെ എന്‍സിപിയുടെ നേതൃ നിരയിലേക്ക് പെട്ടെന്ന് എത്തിച്ചത്.

എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് സുനേത്രയോട് സ്ഥാനമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്.

ബരാമതിയില്‍ ഉപതെരഞ്ഞെടുപ്പില്‍ സുനേത്ര സ്ഥാനാര്‍ത്ഥിയാകുമെന്നു വിവരമുണ്ട്. തുടര്‍ന്ന് എന്‍സിപി നിയമസഭാകക്ഷി നേതാവാകുമെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിക്കുന്നത്. മുതിര്‍ന്ന എന്‍സിപി മന്ത്രി നര്‍ഹരി സിര്‍വാള്‍ നേരത്തെ സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം ഉയര്‍ത്തിയിരുന്നു. സുനേത്ര രാജിവെക്കുന്ന രാജ്യസഭ സീറ്റിലേക്ക് അജിത് പവാറിന്റെ മൂത്തമകന്‍ പാര്‍ത്ഥ് പവാറിനെ മത്സരിപ്പിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.

അജിത് പവാറിന്റെ മരണത്തിനു പിന്നാലെ മഹാരാഷ്ട്രയിലെ എന്‍സിപിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടന്നിരുന്നു. അജിത് പവാറിനു പകരം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര്, എന്‍സിപി ശരദ് പവാര്‍ പാര്‍ട്ടിയുമായുള്ള ലയനം തുടങ്ങിയവ ചര്‍ച്ചയായി. രണ്ട് എന്‍സിപി പാര്‍ട്ടികളും ഒന്നാകണമെന്ന് അജിത് പവാര്‍ ആഗ്രഹിച്ചിരുന്നു. ഇതിനായുള്ള ചര്‍ച്ചകളും നടന്നിരുന്നുവെന്ന് പവാറിന്റെ അടുത്ത അനുയായി വ്യക്തമാക്കി.

ജനുവരി 17ന് ശരദ് പവാറിന്റെ ഗോവിന്ദ് ബാഗിലെ വീട്ടിലെത്തി ഇരു എന്‍സിപികളും ഒന്നിക്കുന്നതിനെക്കുറിച്ച് അജിത് പവാര്‍ സംസാരിച്ചിരുന്നുവെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ പറഞ്ഞു. രണ്ടു പാര്‍ട്ടികളും ഒന്നിക്കുക എന്നതായിരുന്നു അജിത് ദാദയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും സഖ്യത്തില്‍ മത്സരിക്കാനും അതിനുശേഷം പുനരേകീകരണത്തെക്കുറിച്ച് തീരുമാനമെടുക്കാനുമായിരുന്നു ധാരണയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അജിത് പവാറുമായി വളരെ അടുപ്പമുള്ള നര്‍ഹരി സിര്‍വാള്‍, എന്‍സിപിയുടെ മുതിര്‍ന്ന നേതാവായ ശരദ് പവാറുമായും നല്ല ബന്ധത്തിലാണ്. ഇരു എന്‍സിപികളും തമ്മിലുള്ള ലയന ചര്‍ച്ചകളിലും സിര്‍വാള്‍ മുഖ്യ പങ്കുവഹിച്ചിരുന്നു. മറാഠാ നേതാവിനെ മാത്രമേ പാര്‍ട്ടി എംഎല്‍എമാര്‍ നിയമസഭാകക്ഷി നേതാവായി അംഗീകരിക്കുകയുള്ളൂ എന്നാണ് വിലയിരുത്തല്‍.

Share this Article

Leave a Comment