ശ്രീനാരായണ ഗുരു ദേവന്‍ വിളക്കു തെളിയിച്ച് ആരംഭിച്ച എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്ത് ഇനി തുടരാന്‍ വെള്ളാപ്പള്ളിക്ക് അര്‍ഹതയില്ലെന്ന് ശ്രീനാരായണ സഹോദര ധര്‍മ്മവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി സൗത്ത് ഇന്ത്യന്‍ ആര്‍ വിനോദ്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ പ്രതികളായി സമുദായത്തേയും സംഘടനയേയും വഞ്ചിച്ച വെള്ളാപ്പള്ളി നടേശനും സംഘവും എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍ സോമനും സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവാളികളാക്കപ്പെട്ടവര്‍ക്ക് എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്ത് തുടരാന്‍ യാതൊരു ധാര്‍മികതയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൈക്രോഫിനാന്‍സ് കേസില്‍ വലിയ തോതില്‍ അഴിമതി നടന്നുവെന്ന് അന്വേഷണ പുരോഗതിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലുള്ളത്. 16 താലൂക്ക് യൂണിയനുകളില്‍ തിരിമറി നടന്നതായി അന്വേഷണത്തില്‍ വ്യക്തമായി. കൂടാതെ ഫണ്ട് വിനിയോഗ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും വിജിലന്‍സ് കണ്ടെത്തി. ആറ് താലൂക്ക് യൂണിയനുകളില്‍ മൈക്രോ ഫിനാന്‍സിന്റെ ഭാഗമായി ലഭിച്ച പണം യൂണിയന്‍ ഭാരവാഹികള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചുവെന്നും അത്തരത്തില്‍ വിനിയോഗിച്ച താലൂക്ക് യൂണിയന്‍ പ്രസിഡന്റും സെക്രട്ടറിമാരും കേസില്‍ പ്രതികളാകുമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചേര്‍ത്തല സ്വദേശി എംഎസ് അനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം വൈകരുതെന്നും ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.