Newsperseconds.com

റെയ്ഡിനിടെ സിഐ വിജയന്‍ മറിയം റഷീദയെ കടന്നുപിടിച്ചപ്പോള്‍ തടഞ്ഞത് വിരോധത്തിന് കാരണമായി; നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവുകളൊന്നുമില്ലാതെ; വിവാദ ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനെയെന്ന് സിബി ഐ കുറ്റപത്രം

Capture

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് സിബിഐ കുറ്റപത്രം. സംഭവത്തിനു പിന്നില്‍ ഗൂഢാലോചന നടത്തിയത് അന്നത്തെ സ്‌പെഷ്യല്‍ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്മാര്‍ട്ട് വിജയന്‍ എന്ന എസ്. വിജയനാണെന്നാണ് സിബി ഐ കുറ്റപത്രത്തില്‍ പറയുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണിക്കാര്യം പറയുന്നത്. മാലിവനിത മറിയം റഷീദയെ വിജയന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചത് അവര്‍ എതിര്‍ത്തതാണ് ഗൂഢാലോചനയിലേക്ക് നീങ്ങിയതെന്നാണ് സി.ബി.ഐ. കണ്ടെത്തല്‍. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെതിരെ തെളിവുകള്‍ ഒന്നും ഇല്ലാതിരിക്കെയാണ് മുന്‍ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. അന്നത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എസ് വിജയന് മറിയം റഷീദയോടുള്ള വിരോധമാണ് കേസെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഹോട്ടല്‍ റെയ്ഡിനിടെയാണ് മറിയം റഷീദയെ എസ് വിജയന്‍ കാണുന്നത്. ഇവിടെ വെച്ച് വിജയന്‍ മറിയം റഷീദയെ കടന്നുപിടിച്ചപ്പോള്‍ ഇവര്‍ എതിര്‍ത്തതിലുള്ള പ്രതികാരത്തിലാണ് വഞ്ചിയൂര്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തെളിവുകള്‍ ഇല്ലാതെയാണ് കേസെടുത്തത്. 1994 ഒക്ടോബര്‍ 10-ന് മറിയം റഷീദയുടെ എയര്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും പിടിച്ചുവെക്കുകയും ചെയ്തു. ഒക്ടോബര്‍ 17-വരെ വിസയും ടിക്കറ്റും മടക്കിനല്‍കാതെ അവരെ തടഞ്ഞുെവച്ച വിജയന്‍ ഫോറിനേഴ്‌സ് ആക്ട് പ്രകാരം മറിയത്തിനെതിരേ കേസെടുത്തു. തുടര്‍ന്ന് മറിയം റഷീദയെ തടങ്കലില്‍ വെക്കുകയും ഐബി ടീമിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. മുന്‍ ഐബി ഉദ്യോഗസ്ഥനായിരുന്ന ജയപ്രകാശ് കസ്റ്റഡിയില്‍ വെച്ച് നമ്പി നാരായണനെ മര്‍ദ്ദിച്ചു.

മറിയത്തിനെ വിളിച്ചുവരുത്തിയാണ് അറസ്റ്റുചെയ്തത്. ആ സമയം മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും സ്റ്റേഷനിലുണ്ടായിരുന്നു. അടുത്ത ദിവസം മുതല്‍ ചാരക്കേസ് കഥകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. മറിയം റഷീദയെ അറസ്റ്റുചെയ്ത് 23 ദിവസം കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെകെ ജോഷ്വ ആയിരുന്നു കേസുമായി ബന്ധപ്പെട്ട വ്യാജ രേഖകള്‍ ഉണ്ടാക്കിയതെന്നും തെളിഞ്ഞിട്ടുണ്ട്. സിബി മാത്യൂസിനായിട്ടാണ് ഈ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയത്. യാതൊരു വിധ തെളിവുകളുമില്ലാതെയാണ് ചാരവൃത്തി നടത്തിയെന്ന് എഴുതിച്ചേര്‍ത്തത്. പ്രതി ചേര്‍ത്തവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു തെളിവും കണ്ടെത്താനായില്ലെന്നും സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

Share this Article

Leave a Comment