Newsperseconds.com

സാധാരണക്കാരനെ മറന്നതിന്റെ ഫലമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടി; മാവേലി സ്‌റ്റോറില്‍ പാറ്റയ്ക്ക് കഴിക്കാന്‍ പോലും ഒന്നുമില്ല; സിപിഎമ്മിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്‍

Vellply

ആലപ്പുഴ: സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും മുസ്ലീം പ്രീണനമാണ് തെരഞ്ഞെടുപ്പില്‍ വന്‍ പരാജയമായി തിരിച്ചടിച്ചതെന്ന് ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാധാരണക്കാരനെ മറന്നതിന്റെ ഫലമാണ് ഉണ്ടായതെന്ന് അണികള്‍ക്കറിയാം. മസില്‍ പവറും മണി പവറും മുസ്ലീം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. അതാണ് ക്രിസ്ത്യാനികള്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ കാരണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പത്രസമ്മേളനത്തിലാണ് നടേശന്‍ ആരോപണം ആവര്‍ത്തിച്ചത്. ക്ഷേമ പെന്‍ഷന്‍ തിരഞ്ഞെടുപ്പ് കാലത്തും കുടിശ്ശികയായിരുന്നു. എന്തു കൊണ്ടാണ് പെന്‍ഷന്‍ കൊടുക്കാതിരുന്നത്? സാധാരണക്കാരന് വേണ്ട ഒരിടങ്ങളിലും ഒന്നുമില്ല. മാവേലി സ്റ്റോറുകളില്‍ പാറ്റ കേറിയിറങ്ങുകയാണ്. പാറ്റയ്ക്ക് പോലും കഴിക്കാന്‍ അവിടെ ഒന്നുമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു. സാധാരണക്കാരനെ മറന്നതാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം, അതിന് എസ്എന്‍ഡിപിയെ പഴിച്ചിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി രൂക്ഷമായി വിമര്‍ശിച്ചു.

എസ്എന്‍ഡിപിയെ ചുവപ്പോ കാവിയോ മൂടാന്‍ ആരെയും സമ്മതിക്കില്ല. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരെ സിപിഎം തഴയുകയാണ് ചെയ്യുന്നത്. എസ്എന്‍ഡിപിയുടെ മൂല്യം എംവി ഗോവിന്ദന്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി പ്രസക്തമെന്ന് ഗോവിന്ദന്‍ മാഷിന് മനസ്സിലായെങ്കില്‍ സന്തോഷമുണ്ടെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. അതുകൊണ്ടാണല്ലോ വിമര്‍ശനം ഉണ്ടാവുന്നത്. ഈഴവ സമുദായത്തില്‍ നിന്ന് വോട്ട് ചോര്‍ന്നത് ശരിയാണ്. എന്തുകൊണ്ടാണെന്ന് നോക്കി തിരുത്തണമെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.

പിണറായിയുടെ നാടായ വടക്ക് ഇടതുപക്ഷത്തിന് വോട്ടു കിട്ടാതിരുന്നത് എന്തുകൊണ്ടാണ്? എസ്ഡിപിഐക്കാര്‍ മുതല്‍ സിപിഎമ്മുകാര്‍ വരെ എസ്എന്‍ഡിപിയിലുണ്ട്. ഇത് സമുദായപ്രസ്ഥാനമാണ്. സത്യം പറയുമ്പോള്‍ താന്‍ സംഘപരിവാര്‍ ആണെന്ന് പറയരുതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ വിഷയങ്ങള്‍ പറയുമ്പോള്‍ തന്നെ കാവിവത്കരിക്കുകയാണ് ചെയ്യുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് താന്‍ എതിരായിരുന്നു. കോടതി ഉത്തരവ് നിരാശാജനകമെന്ന് പറഞ്ഞു. എന്നാല്‍ തെരുവുയുദ്ധത്തിന് പോകരുതെന്ന് അഭിപ്രായപ്പെട്ടിരുന്നു. അന്ന് ബിജെപി തന്നെ കമ്മ്യൂണിസ്റ്റാക്കി. മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാന്‍ എന്തെല്ലാം ചെയ്തു. എന്തെങ്കിലും കിട്ടിയോ?. എവിടെയും മുസ്ലിങ്ങളെ പേടിച്ചാണ് ജനങ്ങള്‍ ജീവിക്കുന്നത്. ഇടതുപക്ഷ മനോഭാവമാണ് എന്നും തനിക്കുള്ളത്. ഗോവിന്ദനും താനും തമ്മില്‍ ഒരു തര്‍ക്കവുമില്ല. എന്റെ കുടുംബത്തെ നന്നാക്കാന്‍ ആരും നോക്കേണ്ട. നിലപാടില്‍ നിന്ന് മാറില്ല. കാലഘട്ടം മാറുമ്പോള്‍ ശൈലി മാറണം. ആരോടും വിരോധവും വിധേയത്വവും ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

 

 

 

 

Share this Article

Leave a Comment