തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. വി. വേണു പടിയിറങ്ങുന്നതിനുപിന്നാലെ ഭാര്യ ശാരദാ മുരളീധരന്‍ ചുമതലയേല്‍ക്കും. സംസ്ഥാനത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ആസൂത്രണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആസൂത്രണബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുമാണ് ശാരദാ മുരളീധരന്‍. സംസ്ഥാനത്ത് ചീഫ് സെക്രട്ടറിമാരായിരുന്ന ദമ്പതികള്‍ വേറെയുമുണ്ടെങ്കിലും ഭര്‍ത്താവില്‍ നിന്നു ഭാര്യ ചുമതലയേറ്റെടുക്കുന്ന ആദ്യത്തെയാളാണ് ശാരദാ മുരളീധരന്‍. സംസ്ഥാനത്തെ അന്‍പതാമത് ചീഫ് സെക്രട്ടറിയും ഈ സ്ഥാനത്ത് എത്തുന്ന അഞ്ചാമത്തെ വനിതയുമാണ് ശാരദാ മുരളീധരന്‍.
ചീഫ് സെക്രട്ടറിയായിരുന്ന വി. രാമചന്ദ്രനുശേഷം ഭാര്യ പത്മാ രാമചന്ദ്രനും ബാബു ജേക്കബിനുശേഷം ഭാര്യ ലിസി ജേക്കബും വര്‍ഷങ്ങള്‍ക്കുശേഷം ഇതേ പദവിയില്‍ എത്തിയിട്ടുണ്ട്. നിലവിലെ ചീഫ് സെക്രട്ടറി ഡോ.വി. വേണു ആഗസ്റ്റ് 31 ന് സ്ഥാനമൊഴിയും. ശാരദയ്ക്ക് 2025 ഏപ്രില്‍ വരെ കാലാവധിയുണ്ട്. ഇരുവരും 1990 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥരാണ്. ശാരദ മുരളീധരന്‍ തിരുവനന്തപുരം തൈക്കാട് സ്വദേശിയാണ്. തദ്ദേശ, ഗ്രാമവികസനരംഗത്ത് ഒട്ടേറെ പദ്ധതികള്‍ക്ക് ചുക്കാന്‍പിടിച്ചിട്ടുള്ള അവര്‍ കുടുംബശ്രീവഴി സ്ത്രീശാക്തീകരണം, ദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങിയവ വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
എന്‍ജിനിയറിങ് കോളേജ് അധ്യാപകരായിരുന്ന ഡോ. കെ.എ. മുരളീധരന്റെയും കെ.എ. ഗോമതിയുടെയും മകളാണ്. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് സ്‌കൂള്‍, തിരുവനന്തപുരം വിമന്‍സ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എസ്. എസ്.എല്‍.സി. പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയിരുന്നു. 1988-ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് എം.എ.ക്കും ഒന്നാം റാങ്ക് നേടി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പിഎച്ച്.ഡി.ക്ക് പഠിക്കുന്നതിനിടെയാണ് ഐ.എ.എസ്. പരീക്ഷയെഴുതിയത്. മക്കള്‍: കല്യാണി, ശബരി.