കൊച്ചി: സിനിമയില്‍ വെച്ചുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞതില്‍ നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് നടി ഉഷ. സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് പ്രതിതകരിച്ചത്. അതിന്റെ പേരില്‍ സിനിമയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട്. സിനിമിയില്‍ പവര്‍ ഗ്രൂപ്പുണ്ട്. അതില്‍ യാതൊരു സംശയവുമില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാവണമെന്നും ഉഷ പറഞ്ഞു.
വര്‍ഷങ്ങളായി സിനിമ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ആരും പരാതി നല്‍കാന്‍ തയ്യാറാവുന്നില്ല. പുതിയ കുട്ടികള്‍ക്കടക്കം ഈ രംഗത്തേക്ക് വരാന്‍ പേടിയാണ്. പരാതി കൊടുക്കാതിരുന്നാല്‍ ഇനിയുള്ള കാലവും ഇത് തുടരും. ശാരദാ മാഡം പറഞ്ഞത് താന്‍ അഭിനയിക്കുന്ന കാലം മുതല്‍ ഇതുണ്ടെന്നാണ്. അത് ഇപ്പോഴും തുടരുന്നു. ഇനിയും പരാതി നല്‍കിയില്ലെങ്കില്‍ അത് ഇനിയും ഉണ്ടാകുമെന്ന് ഉഷ മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കും സെറ്റില്‍ വെച്ച് മോശം അനുഭവമാണ് ഉണ്ടായത്. അപ്പോള്‍ തന്നെ പ്രതികരിച്ചിരുന്നു. സിനിമയില്‍ തിരക്കുള്ള സമയത്ത് ഒരു സംവിധായകനില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായത്. റൂമില്‍ വരാന്‍ ആവശ്യപ്പെട്ടു. താന്‍ അച്ഛനെയും കൊണ്ടാണ് പോയത്. ആ സംവിധായകന്‍ മരിച്ചുപോയെന്നും ഉഷ പറഞ്ഞു. പിന്നെ സെറ്റില്‍ വരുമ്പോള്‍ വളരെ മോശമായി പെരുമാറും. നന്നായി അഭിനയിച്ചാലും അത് നന്നായില്ലെന്ന് പറയും. വല്ലാതെ ഇന്‍സെല്‍റ്റ് ചെയ്യും. ഒരിക്കല്‍ അടിക്കാനായി ഞാന്‍ ചെരിപ്പൂരിയതാണ്. അന്നൊന്നും ഇതുപോലെ മീഡിയ ഇല്ലല്ലോ. മാസികകളിലൊക്കെ അക്കാര്യം വാര്‍ത്തയായിരുന്നു.