തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവിന്റെ ഉറച്ച തീരുമാനത്തിലൂടെ സിപിഎം രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ഇപി ജയരാജന് എന്ന ഇതിഹാസം പടിയിറങ്ങി. എന്നും വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിച്ച നേതാവാണ് ഇപി. ആക്ഷേപങ്ങളെയെല്ലാം വകവെക്കാതെ കശക്കിയെറിയുന്ന ഇപിക്ക് ബിജെപി ബാന്ധവത്തിന്റെ പേരിലാണ് പടിയിറങ്ങേണ്ടി വരുന്നത്. പാര്‍ട്ടിക്കു പുറത്ത് മാത്രമല്ല, പാര്‍ട്ടിക്കുള്ളിലും ഇ പിക്ക് പുതുവഴിയുടെ മുഖമായിരുന്നു. അങ്ങനെ കൊണ്ടും കൊടുത്തുമുള്ള കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഇ പി ജയരാജന് എന്നും നിറഞ്ഞുനിന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ പദവി ഇപിക്ക് നല്കുമ്പോള് പ്രായോഗിക രാഷ്ട്രീയം ആയുധമാക്കി മുന്നണിയെ ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകണമെന്നായിരുന്നു ഇപിയെ സിപിഎം ഏല്‍പ്പിച്ചിരുന്ന ദൗത്യം. എന്നാല്‍ പാര്‍ട്ടിയ്ക്കോ എല്ലാ കാലത്തും രക്ഷകനായിരുന്ന പിണറായി വിജയനോ രക്ഷിക്കാനാകാത്തവിധമുള്ള കുരുക്കില്‍ കുടുങ്ങി ഇപിക്ക് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തന്നെ ഒഴിവാക്കേണ്ടി വന്നു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞാല്‍ കണ്ണൂരിലെ പ്രമുഖനായ നേതാവ് എന്നും ഇപി തന്നെയാണ്. ഇപി ജയരാജന് കമ്മ്യൂണിസ്റ്റാണോ എന്ന ചോദിച്ചാല്‍ കടുത്ത കമ്മ്യൂണിസ്റ്റാണ്. അതേസമയം തന്നെ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും വലിയ വക്താവുമായിരുന്നു. മുതലാളിമാരില്‍ നിന്ന് പണം പിരിക്കുന്നതില്‍ ഇപിക്ക് സ്വന്തം ശൈലി തന്നെയുണ്ട്. അവിടെ മാര്‍ഗമല്ല ലക്ഷ്യമായിരുന്നു പ്രധാനം. അതിനാല്‍ തന്നെ സിപിഎമ്മിലെ തന്റെ വളര്‍ച്ചക്കൊപ്പം ജയരാജനെ ചുറ്റിപ്പറ്റി വിവാദങ്ങളും കുന്നുകൂടി.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മിന് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയായിരുന്നു ഇ പി ജയരാജന് – പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച നടന്നെന്ന ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കാതെ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി തിരുവനന്തപുരത്ത് ഇ പി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതിനൊപ്പം ബിജെപി പ്രവേശനത്തിനായി ഇ പി തന്നോട് ചര്‍ച്ച നടത്തിയെന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ സിപിഎം പ്രതിരോധത്തിലായി. തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിലായി വിവാദമെന്ന വിലയിരുത്തലാണ് ഇപ്പോള്‍ ഇപിയുടെ സ്ഥാനനഷ്ടത്തിലേക്കു കാര്യങ്ങളെത്തിച്ചത്.
ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയ ജീവിതത്തിലെ എല്ലാ വിവാദകളെയും ഇപി സനേഹിച്ചിരുന്നു. വിവാദനായകന്‍ എന്നും ഇപി തന്നെയായിരുന്നു. ഒന്നോ, രണ്ടോ അല്ല സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഇ പി ജയരാജന് ഭാഗവാക്കായ വിവാദങ്ങള്‍. ദേശാഭിമാനി ബോണ്ട് വിവാദം, ഭൂമി ഇടപാട്, റിസോര്‍ട് വിവാദം, ബന്ധു നിയമന വിവാദം, വിഎസ്-പിണറായി വിഭാഗീത കാലത്ത് പ്രായം പോലും നോക്കാതെ വിഎസിനെ പലവട്ടം പരിഹസിച്ചത് അടക്കം വിവാദം കത്തിച്ചു വിട്ടിട്ടുണ്ട്. പിണറായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന സ്ഥാനം എല്ലാ കാലത്തും ഇപിക്ക് തുണായായി. എന്നാല്‍ പിണറായി വിജയന് തന്നെ ഇപിയെ കൈവിടുന്നതാണ് സിപിഎം രാഷ്ട്രീയം പിന്നീട് കണ്ടത്. അതേ സമയം, ഒരു വര്‍ഷമായി ഇപി ജയരാജന് പാര്‍ട്ടിയുമായി സ്വരചേര്‍ച്ചയിലല്ല. എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ ജയരാജന് സജീവമല്ലെന്ന ആക്ഷേപം മുന്നണിക്കുള്ളില്‍ തന്നെ ഉയര്‍ന്നിരുന്നു. മുന്നണിയെ പ്രതിസന്ധിയിലാക്കും വിധം ജയരാജന് വിവാദങ്ങള്‍ക്കു തലവെച്ച് കൊടുക്കുന്നുവെന്നും സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചു. തീരുമാനങ്ങളില്‍ ഉറച്ചുനിന്ന വിവാദങ്ങളെ ചെറുത്തു തോല്‍പ്പിച്ച ഇപി ജയരാജന് എന്ന ഇതിഹാസത്തിന് ഇനി ഒരു തിരിച്ചുവരവ് പാര്‍ട്ടിയിലേക്കില്ല.