സപ്ലൈകോ പ്രതിസന്ധിയ്ക്ക് അടിയന്തരമായി പണം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധനമന്ത്രി കെ എൻ ബാലഗോപാലിന് മുഖ്യമന്ത്രി ഇതു സംബന്ധിച്ച നിർദേശം നൽകി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ചയായതിനെ തുടർന്നാണ് അടിയന്തരമായി പണം അനുവദിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്.
ഇതോടൊപ്പം സപ്ലൈകോയിൽ വിദ്യാഭ്യാസ വകുപ്പിനുള്ള കുടിശ്ശികയെക്കുറിച്ചും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഓർമ്മിപ്പിച്ചു. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി അരി വാങ്ങിയതിൽ 200 കോടി കുടിശ്ശികയുണ്ടെന്ന് വി ശിവൻകുട്ടി പറഞ്ഞു. ഇതേ തുടർന്നാണ് അടിയന്തര പരിഹാരത്തിന് മുഖ്യമന്ത്രി നിർദേശിച്ചത്.
നിലവിൽ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സപ്ലൈകോ ഔട്ട്ലെറ്റുകളിൽ വിലകുറച്ച് വിൽക്കുന്ന 13 ഇനം സാധനങ്ങളില്ലാതെ ഷെൽഫുകൾ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്. ധനവകുപ്പ് പണമനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സപ്ലൈകോയുടെ വിശദീകരണം.
സപ്ലൈകോയിൽ സാധനം നൽകാൻ വിതരണക്കാർ തയ്യാറാകുന്നില്ല. മുമ്പ് വിതരണം ചെയ്ത സാധനങ്ങളുടെ 650കോടി രൂപ കുടിശ്ശിക ഇനിയും സപ്ലൈകോ നൽകിയിട്ടില്ലെന്നതാണ് ഇതിനു കാരണം. കേരളം കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിതരണക്കാർ കേരളപ്പിറവി ദിനത്തിൽ കൊച്ചിയിൽ പ്രതിഷേധിച്ചിരുന്നു. വർഷങ്ങളായി സബ്സിഡി നൽകുന്ന വകയിൽ 1525കോടി രൂപയാണ് സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത്.