മലപ്പുറം: വിവാഹ ഒരുക്കങ്ങള്‍ക്കിടെ കാണാതായ മലപ്പുറം സ്വദേശി വിഷ്ണുജിത്തിനായുള്ള തിരച്ചില്‍ ഊര്‍ജിതം. വിഷ്ണുവിന്റെ ഫോണ്‍ ഓണായതായും ഊട്ടിയിലെ കൂനൂരില്‍ ലൊക്കേഷന്‍ കാണിക്കുന്നുണ്ടെന്നുമാണ് പുതിയ വിവരം. പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തി(30)നെ ഈ മാസം നാലിനാണ് കാണാതായത്. വീട്ടിലെ കല്ല്യാണ ഒരുക്കങ്ങള്‍ക്കിടെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതാണ് വിഷ്ണു. കൂട്ടുകാരന്‍രെ കയ്യില്‍ നിന്ന് ഒരു ലക്ഷം രൂപ ലഭിച്ചെന്നും തിരിച്ചുവരികയാണെന്നും വിഷ്ണു അമ്മയോട് അവസാനത്തെ ഫോണ്‍കോളില്‍ പറഞ്ഞിരുന്നു. യുവാവ് കഞ്ചിക്കോട് നിന്നും പാലക്കാട്ടേക്ക് ബസ് കയറിയതായാണ് സുഹൃത്തില്‍ നിന്ന് അവസാനം ലഭിച്ച വിവരമെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു.
പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നാലാം തീയതി രാത്രി 7.45ന് യുവാവ് കോയമ്പത്തൂര്‍ ബസ് കയറുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിലുള്ളത് വിഷ്ണു തന്നെയാണെന്ന് കുടുംബം സ്ഥിരീകരിച്ചു. പോകുന്ന വിവരമൊന്നും നേരത്തെ പറഞ്ഞിരുന്നില്ലെന്നും കല്യാണത്തിന്റെ ആവശ്യത്തിനായി പോയെന്ന് അവിടെ എത്തിയിട്ടാണ് വിളിച്ചുപറഞ്ഞതെന്നും സഹോദരി പറഞ്ഞു.
സെപ്റ്റംബര്‍ എട്ടിനായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഈ മാസം നാലിനാണ് യുവാവ് പാലക്കാട് പോയത്. അതിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. വിവാഹ ആവശ്യത്തിനായി പണം സംഘടിപ്പിക്കാനാണ് വിഷ്ണു പാലക്കാട് സുഹൃത്തിന്റെ പക്കലെത്തിയത്. വിഷ്ണു വീട്ടില്‍ നിന്ന് പോകുമ്പോള്‍ പണം വാങ്ങിക്കാന്‍ പോവുകയാണെന്ന് പറഞ്ഞില്ലെന്നും സഹോദരി പറഞ്ഞു.