Newsperseconds.com

സിറ്റിങിന് 25 ലക്ഷം വരെ വാങ്ങുന്ന മുതിര്‍ന്ന അഭിഭാഷകന്‍; അറസ്റ്റ് ഒഴിവാക്കാന്‍ കോടികളെറിഞ്ഞ് നടന്‍ സിദ്ധീഖ്; സുപ്രീംകോടതിയില്‍ ഹാജരാകുന്നത് മുകുള്‍ റോത്തഗി

Untitled 1

യുവനടിയെ ഹോട്ടല്‍ റൂമില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ കോടികളെറിഞ്ഞ് നടന്‍ സിദ്ധീഖ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ധീഖ് നെട്ടോട്ടത്തിലാണ്. സിറ്റിങിന് 25 ലക്ഷം വരെ വാങ്ങുന്ന മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയില്‍ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈനായി രഞ്ജിത റോത്തഗി വഴി ഹര്‍ജി നല്‍കിയത്. മുന്‍കൂര്‍ ജാമ്യം നല്‍കുകയോ അറസ്റ്റ് തടയുകയോ വേണമെന്നാണ് ആവശ്യം.

കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായതും മുകുള്‍ റോത്തഗിയായിരുന്നു. തിരക്കിട്ട നീക്കങ്ങളാണ് സിദ്ധീഖ് നടത്തുന്നത്. സിദ്ദിഖ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുമെന്നത് വ്യക്തമായതോടെ അതിജീവിത കോടതിയില്‍ തടസഹര്‍ജി നല്‍കി. സംസ്ഥാനസര്‍ക്കാരും തടസ്സഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതി വിധി പുറത്തു വന്നതിനു പിന്നാലെ സിദ്ധീഖ് ഒളിവിലായിരുന്നു. അതോടൊപ്പം സുപ്രീംകോടതിയെ സമീപിക്കാന്‍ സിദ്ദിഖ് നീക്കം തുടങ്ങിയിരുന്നു. ഹൈക്കോടതി വിധിയിലെ ചില പോരായ്മകള്‍ ഉയര്‍ത്തിക്കാട്ടി അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കമാണ് സിദ്ദിഖ് നടത്തുന്നത്.

പീഡനം നടന്നെന്ന് പരാതിയില്‍ പറയുന്നത് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പരാതി നല്‍കാനുണ്ടായ കാലതാമസത്തേക്കുറിച്ച് വ്യക്തമായ വിശദീകരണമില്ല. അതിനാല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് തനിക്ക് അവകാശമുണ്ടെന്നാണ് സിദ്ധീഖിന്റ വാദം. സമൂഹത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തയാണ് താന്‍, മറ്റു ക്രമിനല്‍ കേസുകള്‍ ഇല്ല. ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ല, അന്വേഷണവുമായി കോടതി നിര്‍ദ്ദേശിക്കുന്ന തരത്തില്‍ സഹകരിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുവെന്നാണ് വിവരം.

അതേ സമയം, സിദ്ധീഖിനായുള്ള തിരച്ചിലില്‍ പോലീസ് പരാജയപ്പെട്ടിരിക്കുകയാണ്. ആദ്യ ദിവസം കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയെന്നും മൊബൈല്‍ ലൊക്കേഷന്‍ ലഭിച്ചെന്നുമെല്ലാം പോലീസ് അറിയിച്ചിരുന്നു. പക്ഷേ ഇതുവരെ ആയിട്ടും സിദ്ധീഖ് എവിടെയാണെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. എന്നാല്‍ പോലീസിന്റെ ഒത്താശയോടെയാണ് സിദ്ധീഖിന്റെ ഒളുവുജീവിതം നടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Share this Article

Leave a Comment