തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും മസ്തിഷ്‌ക ജ്വരം. നാവായിക്കുളത്തെ പ്ലസ് ടു വിദ്യാര്‍ഥിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നായി. രോഗബാധ സ്ഥിരീകരിച്ച മൂന്നു പേരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ്മുക്ക് വാര്‍ഡില്‍ താമസിക്കുന്ന വിദ്യാര്‍ഥിക്ക് വ്യാഴാഴ്ചയാണ് അസുഖം സ്ഥിരീകരിച്ചത്. ഇതോടെ രണ്ട് മാസത്തിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധമുള്ള ആളുകളില്‍ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.