തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുമായി ഫോണ്‍ വിളിച്ച ആളെ പോലീസ് പിടികൂടി. കുളത്തൂര്‍ സ്വദേശി നിധിന്‍ എന്നയാളാണ് ഇന്ന് രാവിലെ 112 എന്ന നമ്പറിലേക്ക് വിളിച്ച് സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി അറിയിച്ചത്. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായി പൊഴിയൂര്‍ പൊലിസ് വിശദമായി ചോദ്യം ചെയ്യുകയാണ്. അതേസമയം, സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റിന്റെ ചുറ്റളവില്‍ നടത്തിവന്ന പരിശോധന പൂര്‍ത്തിയായി.
എന്നാല്‍ സെക്രട്ടേറിയറ്റിന്റെ അകത്തെ പരിശോധന തുടരുകയാണ്. കന്റോണ്‍മെന്റ് പൊലീസ് ഉള്‍പ്പെടെ സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുകയാണ്. സെക്രട്ടേറിയറ്റിലും പരിസരത്തും കന്റോണ്‍മെന്റ് പൊലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ബോംബ്, ഡോഗ് സ്‌ക്വാഡുകളും പരിശോധന നടത്തുകയാണ്.