ശബരിമലയില്‍ സ്‌പോട്ട് ബുക്കിങിനെതിരെ പ്രതിഷേധം കനത്തതോടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍. വ്യാപകമായി വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വഴങ്ങിയത്. 10,000 പേര്‍ക്കാണ് സ്‌പോട്ട് ബുക്കിംഗ് അനുവദിച്ചിരിക്കുന്നത്. ശബരിമലയില്‍ പ്രതിദിനം വെര്‍ച്വല്‍ ബുക്കിംഗ് 70,000 പേര്‍ക്ക് മാത്രമാക്കി അനുവദിക്കുകയായിരുന്നു സര്‍ക്കാര്‍. ബാക്കി വരുന്നവരെ സ്‌പോട്ട് ബുക്കിംഗിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ, 80,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാലിത് പ്രതിഷേധങ്ങളെ തുടര്‍ന്ന് മാറ്റുകയായിരുന്നു. നിലവില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വി. ജോയിയുടെ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.