തിരുവനന്തപുരം: തനിക്കെതിരായ റിപ്പോര്‍ട്ടുകള്‍ തയാറാക്കി പത്രത്തിനു നല്‍കുന്നത് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ആണെന്ന് പരസ്യമായി കുറ്റപ്പെടുത്തി കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത്. ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ ഫയലുകള്‍ കാണാനില്ലെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഐഎഎസ് തലപ്പത്ത് തമ്മിലടി. ഡോ. ജയതിലകിനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാന്‍ താന്‍ നിര്‍ബന്ധിതനായിക്കുകയാണെന്ന് പ്രശാന്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. പോസ്റ്റിനു താഴെ ജയതിലകിന്റെ റിപ്പോര്‍ട്ടുകള്‍ എങ്ങനെ ചോരുന്നുവെന്ന് കമന്റില്‍ ചോദിച്ചയാള്‍ക്ക്, ‘ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി’ എന്നായിരുന്നു പ്രശാന്തിന്റെ മറുപടി.
”എനിക്കെതിരെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമര്‍പ്പിക്കുന്ന അവരുടെ സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഡോ. ജയതിലക് എന്ന സീനിയര്‍ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. സര്‍ക്കാര്‍ ഫയലുകള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്നത് എനിക്ക് ഇഷ്ടമല്ലെങ്കിലും, തല്‍ക്കാലം വേറെ നിര്‍വ്വാഹമില്ല. വിവരാവകാശ പ്രകാരം പോതുജനത്തിന് അറിയാന്‍ അവകാശമുള്ള കാര്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.
ഇന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോള്‍ പോസ്റ്റാം. കാര്യം അറിയാവുന്നവര്‍ക്ക് താഴെ കമന്റാം, എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്വ്യക്തിയാണ്, അതുകൊണ്ട് വേണ്ട വിധം ഭയബഹുമാനത്തോടെ വേണം കേട്ടോ…”- പ്രശാന്ത് പോസ്റ്റില്‍ പറയുന്നു.