തൃശൂര്‍: വയനാട്ടില്‍ പഴയ അരി വിതരണം ചെയ്തത് പ്രാദേശിക ഭരണകൂടമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. മേപ്പാടി പഞ്ചായത്താണ് ഉത്തരവാദി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മേപ്പാടി പഞ്ചായത്ത് ഒരു ഭക്ഷ്യസാധനവും കൊടുത്തിട്ടില്ല. എല്ലാം റവന്യൂ അതോറിറ്റി കൊടുത്ത ഭക്ഷ്യസാധനങ്ങളാണ് വിതരണം ചെയ്തത്. ഒക്ടോബര്‍ 15 മുതല്‍ ഈ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണി കഴിയുന്നത് വരെ പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് പെരുമാറ്റച്ചട്ടം അനുസരിച്ച് ഇത് വിതരണം ചെയ്യാന്‍ പാടില്ല. അവര്‍ കംപ്ലീറ്റായി ആയി മാറിനില്‍ക്കുകയാണ്. പിന്നെ എങ്ങനെയാണ് ഈ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നത്.’ – വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്തത് ഗുരുതരമായ വിഷയമാണെന്നും എന്താണ് അവരുടെ ഉദ്ദേശമെന്ന് വിജിലന്‍സ് അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും പിണറായി വിജയന് പറഞ്ഞിരുന്നു. ഒരു പഴയതും കൊടുക്കാന്‍ പാടില്ല എന്ന സമീപനം സ്വീകരിച്ച സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കേണ്ട ഒരു പ്രാദേശിക ഭരണകൂടം, പഴയ സാധനങ്ങള്‍ വിതരണം ചെയ്തു എന്ന് കേള്‍ക്കുന്നത് ഗുരുതരമായ പ്രശ്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.