ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുമായി ഹൈക്കോടതി. ആനകളെ ഉപയോഗിക്കുന്നത് ആചാരത്തിന്റെ ഭാഗമാണോയെന്നും 15 ആനകളെ എഴുന്നള്ളിക്കണമെന്നത് ആചാരമാണോയെന്ന് തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രം ഭാരവാഹികളോട് കോടതി ചോദിച്ചു. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിച്ചെ മതിയാകൂവെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ദൂര പരിധി പാലിച്ചാല്‍ 9 ആനളെ മാത്രമെ എഴുന്നള്ളിക്കാനാകൂവെന്ന് ക്ഷേത്ര ഭാരവാഹികള്‍ കോടതിയെ അറിയിച്ചു. എങ്കില്‍ 9 ആനകളുടെ എഴുന്നള്ളത്തുമായി മുന്നോട്ടു പോയിക്കൂടെയെന്ന് കോടതി ചോദിച്ചു. ജനങ്ങളുടെ സുരക്ഷ കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാര്‍ഗരേഖയില്‍ ഇളവു തേടി തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. അനിവാര്യമായ ആചാരങ്ങളിലേ ഇളവുള്ളൂ എന്നും കോടതി വ്യക്തമാക്കി.
ആന ഇല്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുമോയെന്നും ആന ഇല്ലെങ്കില്‍ ഹിന്ദു മതം ഇല്ലാതാവുമോയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം വേണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപെടുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. ആന പ്രേമികള്‍ ചങ്ങലയില്‍ ബന്ധനസ്ഥനായ ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്ന് കോടതി പരിഹസിച്ചു. നാട്ടാനകളുടെ കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.