Newsperseconds.com

63-ാമത് കേരള സ്‌കൂള്‍ കലോത്സവം; തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളില്‍ വച്ച് ജനുവരി 4 മുതല്‍ 8 വരെ

Untitled 1

തിരുവനന്തപുരം: 63-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ തിയതികള്‍ പ്രഖ്യാപിച്ചു. 2025 ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളില്‍ വച്ച് കലോത്സവം നടത്തും. ഈ വര്‍ഷം കേരള സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യമായി ഗോത്രനൃത്ത വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന സവിശേഷത കൂടിയുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കലോത്സവത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.

മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഗോത്ര നൃത്ത കലകള്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും 101, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും 110, സംസ്‌കൃതോത്സവത്തില്‍ 19, അറബിക് കലോത്സവത്തില്‍ 19 എന്നിങ്ങനെ ആകെ 249 മത്സരങ്ങളാണുളളത്.

കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ശിക്ഷക് സദനില്‍ വച്ച് നവംബര്‍ 12ന് മന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ജനപ്രതിനിധികള്‍, കലാസാംസ്‌കാരിക നായകന്മാര്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ 19 സബ് കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തതായി മന്ത്രി അറിയിച്ചു. കലോത്സവത്തിന്റെ നടത്തിപ്പിനായി നഗര പരിധിയിലുളള 25 വേദികള്‍ തെരഞ്ഞെടുത്തിട്ടുണ്ട്.

ഭക്ഷണ വിതരണം, സംഘാടക സമിതി ഓഫീസ്, രജിസ്‌ട്രേഷന്‍ എന്നിവയ്ക്കായും പ്രത്യേകം വേദികള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. തെരഞ്ഞെടുത്ത എല്ലാ വേദികളിലും പ്രോഗ്രാം, സ്റ്റേജ് & പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട്‌സ്, ഭക്ഷണം എന്നീ കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍, അഡീഷണല്‍ ഡയറക്ടര്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും സുരക്ഷാ കാര്യങ്ങളും സൗകര്യങ്ങളും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. പ്രധാന വേദിയായി നിശ്ചയിച്ചിരിക്കുന്നത് സെന്‍ട്രല്‍ സ്റ്റേഡിയം ആണ്. ഭക്ഷണത്തിനായി പുത്തരിക്കണ്ടം മൈതാനവും തെരഞ്ഞെടുത്തിട്ടുണ്ട്.

Share this Article

Leave a Comment