Newsperseconds.com

ശ്രീനാരായണ ഗുരുവിന്റെ കരുണാകടാക്ഷവും അറിവും നന്മയും ഏറ്റുവാങ്ങി ഭക്തര്‍ മടങ്ങി; 92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചു

Mutt

92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചു. ശ്രീനാരായണഗുരുവിന്റെ അഷ്ട ദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശിവഗിരി മഹാസമ്മേളനത്തിന് ലക്ഷകണക്കിന് ഭക്തരാണ് ഈ വര്‍ഷം എത്തിയത്. അഷ്ടലക്ഷ്യങ്ങളില്‍ അറിവും ഗുരുകൃപയില്‍ ആത്മവിശുദ്ധിയും പകര്‍ന്ന് ഇത്തവണത്തെ മഹാതീര്‍ത്ഥാടനം പരിസമാപ്തി കുറിച്ചു. ശ്രീനാരായണ ഗുരുവിന്റെ കരുണാകടാക്ഷവും അറിവും നന്മയും ഏറ്റുവാങ്ങിയാണ് ഭക്തര്‍ ഇത്തവണയും മടങ്ങിയത്.

മന്ത്രി എം ബി രാജേഷ് ആണ് തീര്‍ത്ഥാടന സമ്മേളനം ആദ്യ ദിവസം ഉദ്ഘാടനം ചെയ്തത്. ഡിസംബര്‍ 31-ന് നടന്ന തീര്‍ത്ഥാടന മഹാമാഹം കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 15 മുതല്‍ ശിവഗിരിയില്‍ തീര്‍ത്ഥാടന കാലം ആരംഭിച്ചിരുന്നു. മഹാ തീര്‍ത്ഥാടന ദിനങ്ങളായ ഡിസംബര്‍ 30, 31, ജനുവരി 1 ദിനങ്ങളില്‍ ഗുരുദേവ മഹാസമാധിയില്‍ അണമുറിയാത്ത ഭക്തജന പ്രവാഹമായിരുന്നു. ഗുരുദേവന്‍ വിഭാവനം ചെയ്ത തീര്‍ത്ഥാടന ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക ശാസ്ത്ര പരിശീലനം എന്നീ സാര്‍വ്വകാലിക വിഷയങ്ങളെ ആസ്പദമാക്കി ശിവഗിരിയില്‍ നടന്ന സമ്മേളനങ്ങളില്‍ വിവിധ മേഖലകളില്‍ പ്രഗത്ഭരായ വ്യക്തികള്‍ പ്രഭാഷണം നടത്തി. കായിക കലാ മത്സരങ്ങള്‍ക്കും ഏറെ പ്രധാന്യ നല്‍കിയിരുന്നു. വിദ്യാര്‍ത്ഥി യുവജന സമ്മേളനവും സാഹിത്യ സമ്മേളനവും സംഘടിപ്പിച്ചു.

തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് വര്‍ക്കലയിലും പരിസരപ്രദേശങ്ങളിലും വന്‍തിരക്കായിരുന്നു അനുഭവപ്പെട്ടത്. ശിവഗിരിയില്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന വ്യാപാര – വിപണന മേള കാണാനും തീര്‍ത്ഥാടനത്തില്‍ പങ്കാളികളാകാനും മറ്റു ജില്ലകളില്‍ നിന്ന് നിരവധി പേരെത്തി. വര്‍ഷംതോറും നടക്കുന്ന ശിവഗിരി തീര്‍ത്ഥാടനത്തിന് ആയിരങ്ങളാണ് വര്‍ക്കലയില്‍ എത്തുന്നത്. ഇത്തവണ ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വര്‍ക്കലയില്‍ സ്‌പെഷ്യല്‍ ട്രെയിനുകളും എത്തിയിരുന്നു. ശ്രീനാരായണഗുരുവിന്റെ അഷ്ട ദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയാണ് ശിവഗിരി തീര്‍ത്ഥാടനം നടത്തുന്നത്. ഡിസംബര്‍ 15 മുതല്‍ തന്നെ തീര്‍ത്ഥാടന കലാപരിപാടികള്‍ ശിവഗിരിയില്‍ ആരംഭിച്ചിരുന്നു.

Share this Article

Leave a Comment