തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി കുതിപ്പ് തുടരുകയാണ്. കലാകിരീടത്തിനായുള്ള വാശിയേറിയ പോരാട്ടത്തില്‍ 713 പോയിന്റോട് കൂടി കണ്ണൂര്‍ മുന്നില്‍ നില്‍ക്കുകയാണ്. തൊട്ടുപിന്നാലെ 708 പോയിന്റുമായി കോഴിക്കോടും തൃശ്ശൂരും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമുണ്ട്. 702 പോയിന്റുമായി പാലക്കാടാണ് നാലാമത്.
പാലക്കാട് ഗുരുകുലം എച്ച്എസ്എ്സ, വഴുതക്കാട് കാര്‍മല്‍ എച്ച്എസ്എസുമാണ് സ്കൂള്‍ വിഭാഗത്തില്‍ മുന്നില്‍. ഇതിനിടെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ആകെയുള്ള 249 ഇനങ്ങളില്‍ 179 എണ്ണം പൂര്‍ത്തിയായി. ഹൈസ്കൂള്‍ പൊതുവിഭാഗത്തില്‍ 69, ഹയര്‍ സെക്കന്‍ഡറി പൊതുവിഭാഗത്തില്‍ 79, ഹൈസ്കൂള്‍ അറബിക് വിഭാഗത്തില്‍ 16, ഹൈസ്കൂള്‍ സംസ്കൃത വിഭാഗത്തില്‍ 15 ഇനങ്ങള്‍ വീതമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇനി ബാക്കിയുള്ളത് 70 മത്സരങ്ങള്‍ മാത്രമാണ്.
കുച്ചിപ്പുടി, തിരുവാതിര കളി, നാടോടി നൃത്തം, ദഫ് മുട്ട്, ചവിട്ടുനാടകം, കേരളനടനം, കോല്‍ക്കളി, ആണ്‍കുട്ടികളുടെ ഭരതനാട്യം, പരിചമുട്ട്, ഓട്ടന്‍ തുള്ളല്‍, കഥകളി, ദേശഭക്തിഗാനം, മൂകാഭിനയം, മലപ്പുലയ ആട്ടം, സംഘഗാനം, കഥാപ്രസംഗം, ബാന്‍ഡ് മേളം തുടങ്ങിയ ഇനങ്ങള്‍ ഇതിനോടകം കഴിഞ്ഞു.