തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. കലാകിരീടത്തിനായുള്ള പോരാട്ടം മുറുകുമ്പോള്‍ അപ്രതീക്ഷിത മുന്നേറ്റത്തോടെ തൃശ്ശൂര്‍ കണ്ണൂരിനെ കടത്തിവെട്ടി. ഇന്നലെ വരെ കണ്ണൂരും കോഴിക്കോടുമായിരുന്നു മുന്നില്‍. നാലാം ദിവസത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 965 പോയിന്റ് നേടി തൃശ്ശൂര്‍ മുന്നിലെത്തിയിരിക്കുകയാണ്. 961 പോയിന്റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമാണ്. 959 പോയിന്റോടെ കോഴിക്കോടാണ് മൂന്നാമത്.
നാടോടിനൃത്തം, കേരളനടനം, കഥാപ്രസംഗം, വഞ്ചിപ്പാട്ട്, വയലിന്‍ തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന മത്സരങ്ങള്‍. ഇന്ന് നടക്കാനിരിക്കുന്ന പത്ത് മത്സരഫലങ്ങള്‍ ഇതോടെ നിര്‍ണ്ണായകമായിരിക്കുകയാണ്. കടുത്ത പോരാട്ടമായിരിക്കും ഇന്ന് നടക്കുക. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ആസിഫ് അലി, ടോവിനോ തോമസ് എന്നിവരും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. മന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷനാകും. കലോത്സവ സ്വര്‍ണക്കപ്പ് വിതരണവും 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെയും 2024 സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെയും 2024 സംസ്ഥാന സ്‌കൂള്‍ കായികമേളയുടേയും മാധ്യമ പുരസ്‌കാര വിതരണവും മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും.