സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധിയായിരിക്കും. 7 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് ഫെബ്രുവരി 3 വൈകിട്ട് 5.15 വരെ 77.96 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. 1,67,570 കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട എ.എ.വൈ കാർഡുകാരിൽ 95.61 ശതമാനവും പി.എച്ച്.എച്ച് വിഭാഗത്തിൽ 91.37 ശതമാനവും റേഷൻ കൈപ്പറ്റിയിട്ടുണ്ട്.
ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 9 ദിവസമായി വാതിൽപ്പടി വിതരണം പരമാവധി വേഗതയിൽ നടന്നു വരികയാണ്. ചില റേഷൻ കടകളിൽ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വിതരണം നീട്ടിയത്. ചില എൻ.എഫ്.എസ്.എ ഗോഡൗണുകളിലെ ജീവനക്കാരുടെ ഭാഗത്തു നിന്നും വേണ്ടത്ര സഹകരണം ലഭിക്കാത്തത് വാതിൽപ്പടി വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തടസ്സമായിട്ടുണ്ട്. റേഷൻ വിതരണം സുഗമമായി നടത്തുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.